/kalakaumudi/media/post_banners/5299450bd88ce8dd24966c1e96a45da12c4c5fd278e453ee834a7421c08adcf5.jpg)
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. നിലവില്‍ തെക്കന്‍ തമിഴ്നാടിന് മുകളിലാണ് ചക്രവാതചുഴി. തെക്ക്-കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ 17 ഓടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്.
ചൊവ്വാഴ്ചയോടെ ചക്രവാതച്ചുഴി, ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കും. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഒക്ടോബര്‍ 15 മുതല്‍ 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. അടിയന്തര സാഹചര്യം പരിഗണിച്ച് മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ സഹായങ്ങള്‍ എത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ക്യാപുകളുള്ള സ്‌കൂളുകളില്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
മണിക്കൂറുകള്‍ നീണ്ടുനിന്ന ശക്തമായ മഴയില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വെള്ളം കയറി, ടെക്‌മോപാര്‍ക്കിന് സമീപമുള്ള തെറ്റിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കരമനയാറ്റില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ ഉയര്‍ത്തി. തലസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങള്‍ റവന്യുമന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു.