ഗാസ: വടക്കൻ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. ഇസ്രായേലിന്റെ വ്യോമ നിരീക്ഷണ ഹെഡ്ക്വാട്ടേഴ്‌സിന് നേരെയാണ് ആക്രമണം നടന്നത്. ഒക്ടോബർ ഏഴിന് ശേഷം ആദ്യമായാണ് ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേരെ ഇത്തരത്തിൽ ആക്രമണമുണ്ടാകുന്നത്. സാലിഹ് അൽ ആറൂരിയുടെയും വിസ്സം അൽ തവീലിന്റെയും കൊലക്കുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു.
അതെസമയം വടക്കൻ ഇസ്രായേലിൽ ആക്രമണ ഭീതി കാരണം ജനങ്ങൾ ഒഴിഞ്ഞുപോവുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതിനിടെ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ഇസ്രായേലിലെത്തി. യുദ്ധം വ്യാപിപ്പിക്കരുതെന്നും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇസ്രായേൽ അധികൃതരോട് ആവശ്യപ്പെട്ടു. അതിനിടെ ബന്ദിമോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലെത്തിയിട്ടുണ്ട്.