/kalakaumudi/media/post_banners/3473bbcaca0078c86c987c714314280a2195829571c3e1d89d495597ee730de6.jpg)
കൊച്ചി: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വിസി നിയമനം വൈകുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി. സ്ഥിരം വിസി നിയമനത്തിന് നടപടി ആവശ്യപ്പെട്ട് യൂണിവേസിറ്റി കോളേജ് മുന്‍ പ്രൊഫസറും സാമ്പത്തിക വിദഗ്ധയുമായ മേരി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. വിസി സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നിര്‍ദ്ദേശിക്കുന്നില്ലെന്നും ഇതാണ് കാലതാമസം ഉണ്ടാക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ കെടിയു, ഫിഷറീസ് സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല, വെറ്റിനറി സര്‍വകലാശാല എന്നിവയടക്കം അഞ്ച് സര്‍വകലാശാലകളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ഗവര്‍ണര്‍ അല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിനാണ് അധികാരമെങ്കില്‍ ഇവിടങ്ങളില്‍ എന്തുകൊണ്ട് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. യുജിസി അടക്കമുള്ളവര്‍ പ്രതിനിധികളെ നിര്‍ദ്ദേശിച്ച് നല്‍കാത്തതാണ് കാലതാമസത്തിന് കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവനുസരിച്ച് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ചാന്‍സലര്‍ക്കാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ യുജിസി, സര്‍വ്വകലാശാല വിസിമാര്‍, ഗവര്‍ണര്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അതേസമയം ഹര്‍ജി ജനുവരി 11ന് വീണ്ടും പരിഗണിക്കും.