ഹിമാചലിൽ നാടകീയ നീക്കങ്ങൾ; 15 ബിജെപി എംഎൽഎമാരെ പുറത്താക്കി സ്പീക്കർ

സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂറും സംഘവും ഗവർണറെ കണ്ടതിനു പിന്നാലെയാണ് അപ്രതീക്ഷിത നടപടി

author-image
Greeshma Rakesh
New Update
ഹിമാചലിൽ നാടകീയ നീക്കങ്ങൾ; 15 ബിജെപി എംഎൽഎമാരെ പുറത്താക്കി സ്പീക്കർ

 

ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ 15 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് സ്പീക്കർ കുൽദീപ് സിംഗ് പതാനിയ. ഹിമാചൽ പ്രദേശിൽ നാടകീയ നീക്കങ്ങൾ. സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂറും സംഘവും ഗവർണറെ കണ്ടതിനു പിന്നാലെയാണ് അപ്രതീക്ഷിത നടപടി.രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്.

പ്രതിപക്ഷ നേതാവ് അടക്കമുള്ള ബി.ജെ.പി എം.എൽ.എമാരെയാണ് സസ്പെൻഡ് ചെയ്തത്.സ്പീക്കറുടെ ചേമ്പറിനു മുന്നിൽ മുദ്രാവാക്യം വിളിക്കുകയും മോശം പെരുമാറ്റവും ആരോപിച്ചാണ് പുറത്താക്കൽ എന്നാണ് വിവരം.ഇതിനിടെ സംസ്ഥാനത്തെ മുതിർന്ന നേതാവും പൊതുമരാമത്ത് മന്ത്രിയുമായ വിക്രമാദിത്യ സിങ് രാജിവെച്ചു.

ആകെ 25 എം.എൽ.എമാരാണ് ബി.ജെ.പിക്ക് സഭയിലുള്ളത്. വിശ്വാസ വോട്ടെടുപ്പ് നടന്നാൽ 11 പേർക്കു മാത്രമേ ഇനി പങ്കെടുക്കാനാവു. അന്തരിച്ച കോൺഗ്രസ് നേതാവ് വീർഭദ്ര സിങ്ങിൻറെ മകനാണ് വിക്രമാദിത്യ.നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് 15 ബിജെപി എംഎൽഎമാരെ പുറത്താക്കാൻ സ്പീക്കർ തീരുമാനിച്ചത്.

ജയറാം താക്കൂർ, വിപിൻ സിംഗ് പർമർ, രൺധീർ ശർമ്മ, ലോകേന്ദർ കുമാർ, വിനോദ് കുമാർ, ഹൻസ് രാജ്, ജനക് രാജ്, ബൽബീർ വർമ, ത്രിലോക് ജാംവാൽ, സുരേന്ദർ ഷോരി, ദീപ് രാജ്, പുരൺ താക്കൂർ, ഇന്ദർ സിംഗ് ഗാന്ധി, ദിലീപ് താക്കൂർ, ഇന്ദർ സിംഗ് ഗാന്ധി എന്നിവരാണ് പുറത്താക്കപ്പെട്ട ബിജെപി എംഎൽഎമാർ. സംഭവത്തിൽ ബിജെപി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എം.എൽ.എമാരുണ്ടായിട്ടും ബി.ജെ.പി നടത്തിയ നിർണായക കരുനീക്കമാണ് പാർട്ടിക്ക് തിരിച്ചടിയായത്.ഇതിനു പിന്നാലെ കോൺഗ്രസ് വൻ പിരിമുറുക്കത്തിലായിരുന്നു.

മുതിർന്ന നേതാവ് അഭിഷേക് മനു സിങ്വിയാണ് പരാജയപ്പെട്ടത്. ആറു കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചു. ഒടുവിൽ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിയുടെ ഹർഷ് മഹാജൻ ജയിച്ചത്. ബുധനാഴ്ച രാവിലെ രാജ്ഭവനിലെത്തി ഗവർണർ ശിവ പ്രതാപ് ശുക്ലയെ കണ്ട മുതിർന്ന ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ജയറാം ഠാകൂറിൻറെ നേതൃത്വത്തിലുള്ള സംഘം സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. സുഖ്‍വീന്ദർ സുകുവിൻറെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.

 

നിയമസഭ സമ്മേളനം നടന്നുവരുന്നതിനിടയിലാണ് നാടകീയ സംഭവങ്ങൾ. കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന ഉത്തരേന്ത്യയിലെ ഏക സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടുന്നതിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. മുഖ്യമന്ത്രിയുമായി എം.എൽ.എമാരിൽ ഒരു വിഭാഗത്തിനുള്ള അഭിപ്രായവ്യത്യാസം കോൺഗ്രസ് ഹൈകമാൻഡ് അറിയാതിരിക്കുകയോ കാര്യമാക്കാതിരിക്കുകയോ ചെയ്തതാണ് തിരിച്ചടിക്ക് കാരണം.

അഭിഷേക് സിങ്വിയെ സംസ്ഥാനത്തേക്ക് രാജ്യസഭ സ്ഥാനാർഥിയായി കെട്ടിയിറക്കിയത് ഒരുവിഭാഗം എം.എൽ.എമാർക്ക് പിടിച്ചിരുന്നില്ല. ബി.ജെ.പിയാകട്ടെ, ഈ സാഹചര്യം പിന്നാമ്പുറ നീക്കത്തിലൂടെ ഉപയോഗപ്പെടുത്തി. മൂന്നു സ്വതന്ത്രർ അടക്കം ഒമ്പത് എം.എൽ.എമാരുടെ പിന്തുണയാണ് നഷ്ടപ്പെട്ടത്. അതേസമയം, ആറു കോൺഗ്രസ് എം.എൽ.എമാരെ ഹരിയാന പൊലീസും സി.ആർ.പി.എഫും ചേർന്ന് പിടികൂടി കൊണ്ടുപോയെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അവരെ ബന്ധപ്പെടാനുള്ള ബന്ധുക്കളുടെ ശ്രമങ്ങൾ ഫലവത്തായില്ലെന്നും പറയുന്നു.

 

 

 

 

 

BJP congress himachal pradesh rajya sabha election speaker Kuldeep Singh Pathania