/kalakaumudi/media/post_banners/c6bf751a6231ceaa72bca32113691d41f40ae417a7375cd7c4a9024f55a0d791.jpg)
മുംബൈ: നെരൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുദേവഗിരി കോംപ്ലക്‌സിലെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ഗുരുദേവന്റെ ഭൗതിക തിരുശേഷിപ്പായ ദിവ്യദന്തം പൊതുദര്‍ശനത്തിന് വയ്ക്കുന്നു. ഗുരുദേവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ഫെബ്രുവരിയിലെ ആദ്യത്തെ ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് പ്രദര്‍ശനം. ദിവ്യദന്തങ്ങള്‍ വര്‍ഷത്തില്‍ ഒന്നിലേറെത്തവണ പൊതുദര്‍ശനത്തിന് വയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുംബൈ ശ്രീനാരായണ മന്ദിര സമിതി അറിയിച്ചു.
ഗുരുദേവന്റെ ഒരു അണപ്പല്ലും രണ്ടു വയ്പ്പുപല്ലുകളുമാണ് സുവര്‍ണ പേടകത്തിലാക്കി സൂക്ഷിച്ചിരിക്കുന്നത്. ഗുരുദേവന്റേതായി അവശേഷിക്കുന്ന ഏക ഭൗതിക തിരുശേഷിപ്പാണിത്. ഗുരുവിനെ ചികിത്സിച്ചിരുന്ന ഡോ. ജി ഒ പാല്‍ അമൂല്യമായി സൂക്ഷിച്ചിരുന്ന ദന്തങ്ങളാണ് പിന്നീട് മുംബൈ ശ്രീനാരായണ മന്ദിര സമിതിക്ക് കൈമാറിയത്. 1925 ല്‍ ഗുരുവിന്റെ പല്ലുകള്‍ ഇളക്കിമാറ്റിയപ്പോള്‍ ഡോ. ജി ഒ പാല്‍ അത് സൂക്ഷിച്ചു. 2004 ലാണ് ശ്രീനാരായണ മന്ദിര സമിതിക്ക് ഡോക്ടറുടെ മകന്‍ ശിവരാജ് പാല്‍ ദന്തങ്ങള്‍ കൈമാറിയത്.
ഫെബ്രുവരിയില്‍ ഗുരുദേവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചാണ് സാധാരണ ദിവ്യദന്തം പ്രദര്‍ശിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് വിശ്വാസികള്‍ ദിവ്യദന്തം ദര്‍ശിക്കാനെത്തുക പതിവായതോടെയാണ് ഒന്നിലേറെ തവണ പ്രദര്‍ശിപ്പിക്കാന്‍ ആലോചിക്കുന്നതെന്ന് മന്ദിരസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇത് കേരളത്തിലേക്ക് കൊണ്ടുപോകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ദിരസമിതി വ്യക്തമാക്കി.