/kalakaumudi/media/post_banners/e92b58c15db0a206d127a319b594d71e78d96b57022d987dcf1a829b169ccb8c.jpg)
പത്തനംതിട്ട: ശബരിമലയില്‍ ആരോഗ്യവകുപ്പിന്റെ കൃത്യസമയത്തെ ഇടപെടലിലൂടെ ഈ മണ്ഡലകാലത്ത് രക്ഷിക്കാനായത് വിലപ്പെട്ട 76 ജീവന്‍. പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തിലേയ്ക്കുള്ള വഴിയില്‍ അടിയന്തരഘട്ടങ്ങളില്‍ സേവനത്തിന് ഒരുക്കിയിട്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ വാഹനത്തിലുള്ള ആംബുലന്‍സ് സംവിധാനം ഉപയോഗിച്ചാണ് 76 പേര്‍ക്കു കൃത്യസമയത്ത് അടിയന്തരചികിത്സ നല്‍കാനായത്.
സന്നിധാനം, അപ്പാച്ചിമേട്, ചരല്‍മേട് തുടങ്ങിയ ശരണപാതകളിലാണ് ആംബുലന്‍സ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കു സന്നിധാനത്തെ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കിയ ശേഷം പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് മാറ്റുന്നത്. കൂടുതല്‍ വിദഗ്ധ ചികിത്സ വേണ്ട വരെ കോന്നി, കോട്ടയം മെഡിക്കല്‍ കോളജിലേക്കോ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കോ അയക്കും.
മലകയറിവന്നവരില്‍ ഹൃദയസംബന്ധമായ അസുഖം നേരിട്ടവരാണ് അടിയന്തര ചികിത്സ തേടിയവരില്‍ നല്ലപങ്കും. അടിയന്തരചികിത്സാ ആവശ്യങ്ങള്‍ നേരിടുന്നതിനായി പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്കുള്ള പാതയില്‍ 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഈ മണ്ഡലകാലം തുടങ്ങി വ്യാഴാഴ്ച വരെ 45105 പേരാണ് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ദിവസവും 1500 പേരില്‍ കൂടുതല്‍ സന്നിധാനത്തെ ആശുപത്രി ഒ.പിയില്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
