വീട്ടുജോലിക്കാരിയുടെ മാല മോഷ്ടിച്ചു; വീട്ടുടമയും ഭാര്യയും അറസ്റ്റില്‍

വീട്ടുജോലിക്കാരിക്ക് ശമ്പളത്തിന് പകരം ടി.വി. നല്‍കിയതിന് ശേഷം ഇവരുടെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ ദമ്പതിമാരുള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍.

author-image
Priya
New Update
വീട്ടുജോലിക്കാരിയുടെ മാല മോഷ്ടിച്ചു; വീട്ടുടമയും ഭാര്യയും അറസ്റ്റില്‍

കോട്ടയം: വീട്ടുജോലിക്കാരിക്ക് ശമ്പളത്തിന് പകരം ടി.വി. നല്‍കിയതിന് ശേഷം ഇവരുടെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ ദമ്പതിമാരുള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍.

എറണാകുളം മരട് ആനക്കാട്ടില്‍ വീട്ടില്‍ ആഷിക് ആന്റണി (31), ഭാര്യ നേഹാരവി (35), അര്‍ജുന്‍ (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോട്ടയം അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടു പവന്റെ മാലയാണ് മോഷ്ടിച്ചത്.

ഒക്ടോബര്‍ 16-നായിരുന്നു സംഭവം നടന്നത്. ആഷിക് ആന്റണിയുടെ വീട്ടിലാണ് വീട്ടമ്മ ജോലി ചെയ്തിരുന്നത്. ഈ വകയില്‍ കൂലി കുടിശ്ശികയുമുണ്ടായി.

കൈയില്‍ പണമില്ലാത്തതിനാല്‍ പ്രതിയുടെ വീട്ടിലിരിക്കുന്ന ടി.വി. നല്‍കാമെന്നും, കുടിശ്ശികയായ കൂലി കുറച്ചശേഷം ടി.വി.യുടെ വിലയായി 8,000 രൂപ ആഷിക് ആന്റണിക്ക് തിരികെ കൊടുത്താല്‍ മതിയെന്നും ഇരുവരും സമ്മതിച്ചു.

അടുത്തദിവസം ടി.വി. ഫിറ്റ്‌ചെയ്യാന്‍ ആഷിക്കും ഭാര്യയും സുഹൃത്തായ അര്‍ജുനും വീട്ടമ്മയുടെ കോട്ടയത്തെ വീട്ടിലെത്തി. ഇതിനിടെ വീട്ടമ്മയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ചെന്നാണ് ആരോപണം.

വീട്ടമ്മയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. ഒളിവിലായിരുന്ന ആഷിക് ആന്റണിയെയും ഭാര്യയെയും പഴനിയില്‍ നിന്നാണ് പിടികൂടിയത്. അര്‍ജുനെ എറണാകുളത്തു നിന്നു പിടികൂടി.

Arrest steal