/kalakaumudi/media/post_banners/4c95cda7dfb8e75f0a06371f388ce09ae2e97c7af71683f43d836d94b575ef7c.jpg)
സൻആ: ചെങ്കടലിൽ ഇസ്രായേൽ കപ്പലുകളുടെ സുരക്ഷക്കായി നിലയുറപ്പിച്ച യു.എസ് യുദ്ധക്കപ്പലിനുനേരെ മിസൈൽ തൊടുത്ത് ഹൂതികൾ. യു.എസ്.എസ് ലാബൂൺ യുദ്ധക്കപ്പലിന് നേരെയാണ് യമനിൽനിന്ന് ക്രൂയിസ് മിസൈൽ അയച്ചത്.
ഞായറാഴ്ച സൻആയിലെ പ്രദേശിക സമയം വൈകീട്ട് 4.45നാണ് ഡി.ഡി.ജി 58ന് നേരെ മിസൈൽ ആക്രമണം നടന്നത്. എന്നാൽ, യു.എസ് സേന ഈ മിസൈൽ വെടിവെച്ചിട്ടതായും ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മിഡിൽ ഈസ്റ്റിലെ യു.എസ് സേന ആസ്ഥാനമായ യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു.
ഹുദൈദ് തീരത്തുവെച്ച് യു.എസ് യുദ്ധവിമാനം മിസൈൽ തകർക്കുകയായിരുന്നുവെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഗാസയിലെ ഇസ്രായേൽ മനുഷ്യക്കുരുതിക്ക് പ്രതികാരമായി ചെങ്കടലിലെ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂതി സംഘം കഴിഞ്ഞ കുറച്ചുനാളുകളായി ആക്രമണം നടത്തുകയാണ്. ഇത് തടയാൻ വെള്ളിയാഴ്ചയും യമനിലെ ഹൂതി സൈനിക കേന്ദ്രങ്ങൾക്ക് നേരെ യു.എസും യു.കെയും സംയുക്തമായി വ്യോമാക്രമണം നടത്തിയിരുന്നു.
ഗാസക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും ഫലസ്തീൻ ഉപരോധം അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുന്നത് തുടരുമെന്ന ഉറച്ച നിലപാടിലാണ് ഹൂതികൾ.