വിവാഹത്തിന് മുൻപ് ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ; 28കാരന് ദാരുണാന്ത്യം, ക്ലിനിക്കിനെതിരെ കേസെടുത്ത് പൊലീസ്

അമിതമായി അനസ്തേഷ്യ നൽകിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു

author-image
Greeshma Rakesh
New Update
വിവാഹത്തിന് മുൻപ് ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ; 28കാരന് ദാരുണാന്ത്യം, ക്ലിനിക്കിനെതിരെ കേസെടുത്ത് പൊലീസ്

ഹൈദരാബാദ്: ഹൈദരാബാദിൽ കല്യാണത്തിനു മുൻപ് ചിരി അൽപം കൂടി മനോഹരമാക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിന് ദാരുണാന്ത്യം. 28കാരനായ ലക്ഷ്മി നാരായണ വിഞ്ജം ആണ് മരിച്ചത്. ഫെബ്രുവരി 16ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇൻറർനാഷണൽ ഡെൻറൽ ക്ലിനിക്കിൽ ‘സ്മൈൽ ഡിസൈനിംഗ്’ ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അമിതമായി അനസ്തേഷ്യ നൽകിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകൻ ബോധരഹിതനായെന്നാണ് ജീവനക്കാർ പറഞ്ഞത്. ഉടൻ ക്ലിനിക്കിലേക്ക് വരാൻ അവർ ആവശ്യപ്പെട്ടെന്നും രാമുലു വിശദീകരിച്ചു. ഉടനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നും രാമുലു പറഞ്ഞു.

അതെസമയം ശസ്ത്രക്രിയയെക്കുറിച്ച് മകൻ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്നും രാമുലു വ്യക്തമാക്കി. മകന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടർമാരാണ് തൻറെ മകൻറെ മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ക്ലിനിക്കിനെതിരെ അനാസ്ഥയ്ക്ക് പൊലീസ് കേസെടുത്തു.

india death hyderabad smile designing surgery