/kalakaumudi/media/post_banners/b9164c38611614ccefa332b2b787c1e28d72d0a868fb834d2d2c94a38de365cf.jpg)
ന്യൂഡൽഹി: സുനേഹരിബാഗ് മസ്ജിദ് പൊളിക്കുന്നതിനെതിരെ ഇമാം അബ്ദുൽ അസീസ് നൽകിയ ഹർജി തിങ്കളാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കും.മുഗൾ ഭരണക്കാലത്ത് നിർമ്മിച്ച സുനേഹരിബാഗ് മസ്ജിദ് ഡൽഹി പൈതൃക പട്ടികയിലുള്ള നിർമിതിയാണ്.ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് മസ്ജിദ് പൊളിച്ചുമാറ്റാൻ ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ നീക്കം ആരംഭിച്ചത്.
വ്യോമസേനാ ആസ്ഥാനത്തിനു സമീപത്തെ റൗണ്ട്എബൗട്ടിലാണ് സുനേഹരിബാൾ മസ്‌ജിദ് സ്ഥിതിചെയ്യുന്നത്. അതെസമയം മസ്ജിദ് പൊളിക്കലിനെതിരെ പ്രതിഷേധം ശക്തമാണ്.ഡൽഹി വഖഫ് ബോർഡിന്റെ എതിർപ്പ് മറികടന്നാണു നീക്കം. പൊളിക്കാൻ പൈതൃക സംരക്ഷണ സമിതിയിൽനിന്ന് അനുമതി തേടിയിരിക്കുകയാണു ഭരണകൂടം.പള്ളി പൊളിക്കുന്നതിനെതിരെ മുസ്‌ലിം മതസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മസ്‌ജിദ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിൽ പൊതുജനാഭിപ്രായം തേടിയപ്പോൾ 60,000ലേറെ പ്രതികരണങ്ങളാണു ലഭിച്ചത്. ഇവ ഡൽഹി ഹെറിറ്റേജ് കൺസർവേഷൻ കമ്മിറ്റിക്കു കൈമാറും. കമ്മിറ്റിയാണു ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
അതെസമയം മസ്‌ജിദ് ഉടൻ പൊളിക്കില്ലെന്നാണ് എൻഡിഎംസി ഹൈക്കോടതിയെ അറിയിച്ചത്.100 വർഷം മുൻപു ബ്രിട്ടിഷുകാർ ന്യൂഡൽഹി നഗരം സ്‌ഥാപിച്ചപ്പോൾ പോലും സുനേഹരിബാഗ് മസ്ജിദ് ഉൾപ്പെടെ അടക്കം 3 ആരാധനാലയങ്ങൾ പൊളിച്ചുമാറ്റാതെ സംരക്ഷിച്ചിരുന്നു.
ന്യൂഡൽഹി നഗരത്തിലെ 80 ശതമാനത്തോളം കെട്ടിടങ്ങളും എൻഡിഎംസിയുടെ കീഴിലാണ്. കേന്ദ്രജോയിൻ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥഥനാണ് എൻഡിഎംസി ചെയർമാൻ.നിലവിൽ ബിജെപിയുടെ സതീഷ് ഉപാധ്യായ് ആണ് വൈസ് ചെയർമാൻ. ഈ സമിതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖി അടക്കമുള്ളവർ അംഗങ്ങളാണ്.