/kalakaumudi/media/post_banners/83fb963f01e48272bf5c8854df6a2c085c28378282bdc3f6aa25b4d7696d38c4.jpg)
ന്യൂഡൽഹി: 20 വർഷത്തിനുള്ളിൽ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരിൽ പകുതിയും സ്ത്രീകളായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. മഹാരാഷ്ട്രയിൽ നിന്നുള്ള പുതിയ 75 ജുഡീഷ്യൽ ഓഫീസർമാരിൽ 42 പേർ സ്ത്രീകളാണെന്ന് അറിയിക്കുന്നതിൽ തനിയ്ക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ജുഡീഷ്യറിയിൽ ലിംഗസമത്വത്തിനായുള്ള കാലത്തിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
" ഇത് ഇപ്പോൾ രാജ്യത്തുടനീളമുള്ള ജുഡീഷ്യൽ ഓഫീസർമാരുടെ നിയമനത്തിൽ നടക്കുന്ന ഒരു പ്രവണതയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള 75 പുതിയ ബാച്ച് ജുഡീഷ്യൽ ഓഫീസർമാരിൽ 42 പേർ സ്ത്രീകളാണെന്ന് എല്ലാവരേയും അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. നേരിട്ട് നിയമനം നടത്തുന്ന അഞ്ച് ജില്ലാ ജഡ്ജിമാരുണ്ട്, അവരിൽ രണ്ട് പേർ വനിതകളാണ്," ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഭരണഘടനാ കോടതി ജഡ്ജിമാർക്കിടയിൽ സ്ത്രീകളുടെ തുല്യ പ്രാതിനിധ്യം ഒരു വിദൂര സാധ്യതയാണ്. നിലവിൽ 32 സുപ്രീംകോടതി ജഡ്ജിമാരിൽ മൂന്ന് സ്ത്രീകൾ മാത്രമാണ് ഉള്ളത്.അതിൽ ജസ്റ്റിസ് ബി വി നാഗരത്‌ന 2027 ൽ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകും, എന്നാൽ വെറും 36 ദിവസത്തേക്ക് മാത്രം. ഹൈകോടതിയിലേയ്ക്ക് വന്നാൽ, 25 ഹൈക്കോടതികളിൽ ഒരു വനിതാ ചീഫ് ജസ്റ്റിസ് പോലുമില്ല. 780-ലധികം വരുന്ന ഹൈക്കോടതി ജഡ്ജിമാരിൽ 13% മാത്രമാണ് സ്ത്രീകൾ.
വിചാരണ കോടതികളിൽ സ്ത്രീകൾ ഉൾപ്പെടുന്ന ജുഡീഷ്യൽ ഓഫീസർമാർക്കിടയിൽ 35% ആരോഗ്യകരമായ പ്രാതിനിധ്യമുണ്ട്. എന്നാൽ, സമീപകാലത്ത് ജുഡീഷ്യൽ ഓഫീസർമാരുടെ നിയമനത്തിൽ ആരോഗ്യകരമായ ആദിമുഖ്യം സ്ത്രീകളെക്കാൾ മുകളിലേയ്ക്ക് ഉയർത്തി. ജില്ലാ കോടതികളിൽ ലിംഗസമത്വം ശക്തമായതിനാൽ, ഒന്നോ രണ്ടോ ദശാബ്ദങ്ങൾക്കുള്ളിൽ ഭരണഘടനാ കോടതികളിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.