പ്രതിരോധ സാന്നിധ്യം വർധിപ്പിക്കാൻ അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യ; ചെം പ്ലൂട്ടോ കപ്പലിൽ ഫോറൻസിക് പരിശോധന

ചരക്കു കപ്പലുകൾക്കെതിരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന.

author-image
Greeshma Rakesh
New Update
പ്രതിരോധ സാന്നിധ്യം വർധിപ്പിക്കാൻ അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യ; ചെം പ്ലൂട്ടോ കപ്പലിൽ ഫോറൻസിക് പരിശോധന

ഡൽഹി: ചരക്കു കപ്പലുകൾക്കെതിരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന.സമീപകാല ആക്രമണങ്ങൾ കണക്കിലെടുത്ത്, പ്രതിരോധ സാന്നിധ്യം വർധിപ്പിക്കുന്നതിനാണ് ഇന്ത്യൻ നാവികസേന ഗൈഡഡ് മിസൈൽ വേധ കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയെ വിവിധ മേഖലകളിലായി വിന്യസിച്ചത്. അതെസമയം ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്.

ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടയിൽ ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇറാൻ പിന്തുണയുള്ള ഹൂതികൾ വിവിധ വാണിജ്യ കപ്പലുകൾ ലക്ഷ്യമിടുന്നുവെന്ന ആശങ്കകൾക്കിടയിലാണ് ലൈബീരിയൻ പതാകയുള്ള എംവി കെം പ്ലൂട്ടോയ്ക്ക് നേരെ ശനിയാഴ്ച ഡ്രോൺ ആക്രമണം ഉണ്ടായത്.പിന്നീട് 21 ഇന്ത്യക്കാരും ഒരു വിയറ്റ്നാമീസ് ജീവനക്കാരുമടങ്ങിയ ആക്രമണത്തിനിരയായ കപ്പൽ ഉച്ചകഴിഞ്ഞ് 3:30 ന് മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്നു.

കപ്പൽ ഇന്ത്യൻ നേവി എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ ടീം പരിശോധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി. കപ്പലിൽ കണ്ടെത്തിയ അവശിഷ്ടങ്ങളുടെയും വിശകലനത്തിൽ ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംഘം വിലയിരുത്തി.

ഉപയോഗിച്ച സ്ഫോടകവസ്തുവിന്റെ ഏതാണെന്നറിയാൻ കൂടുതൽ ഫോറൻസിക് പരിശോധന നടത്തണം.നാവികസേനയുടെ പരിശോധനക്ക് ശേഷം വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചു.ചെം പ്ലൂട്ടോയുടെ തകർന്ന ഭാഗം ഡോക്കിംഗും അറ്റകുറ്റപ്പണികളും നടത്താനാണ് സാധ്യത.

indian navy Warship merchant vessel mv chem pluto arabian sea