/kalakaumudi/media/post_banners/26f8ba201173d41def31465aeee0dbde9bb5ea4169152ecd6c43cfab71b9f431.jpg)
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ പ്രതിപക്ഷ എം.പിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇന്ത്യ മുന്നണിയുടെ പ്രതിഷേധം. ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ ഇരു സഭകളിലെയും മുന്നണി നേതാക്കള്‍ സംസാരിച്ചു. സേവ് ഡമോക്രസി എന്ന പേരില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിനാണ് ഇതിലൂടെ തുടക്കം കുറിച്ചിരിക്കുന്നതെന്ന് എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി എം.പിമാര്‍ ഓടിയൊളിച്ചെന്ന് രാഹുല്‍ ഗാന്ധി
പാര്‍ലമെന്റില്‍ സുരക്ഷ വീഴ്ച്ചയുണ്ടായപ്പോള്‍ ബി.ജെ.പി എം.പിമാരെല്ലാം ഓടി രക്ഷപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ജന്തര്‍ മന്ദറില്‍ നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിനിടെ ഭയന്ന് പോയ എം.പിമാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പാര്‍ലമെന്റില്‍ നടന്നത് സുരക്ഷ വീഴ്ച്ച തന്നെയാണ്. എന്നാല്‍ അവര്‍ ഈ രീതിയില്‍ പ്രതിഷേധിച്ചത് എന്തിനായിരുന്നു. ഇതിനുത്തരം രാജ്യത്തെ തൊഴിലില്ലായ്മയാണ്. എന്നാല്‍ ഇതിനെ കുറിച്ചൊന്നും മാദ്ധ്യമങ്ങള്‍ സംസാരിക്കുന്നില്ല. എന്നാല്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.പിമാര്‍ ഇരിക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി പകര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാദ്ധ്യമങ്ങള്‍ സംസാരിച്ചത്. രാഹുല്‍ ഗാന്ധി പറഞ്ഞു.