രാജ്യത്തിന്റെ ആദ്യ ലിഥിയം ഖനന കരാർ അർജന്റീനയുമായി! ഖനന മേഖലയുടെ സുസ്ഥിര വികസനത്തിന് നിർണായകം

അർജന്റീനയിലെ കാറ്റമാർക്ക പ്രവിശ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമായ CATAMARCA MINERA Y ENERGETICA SOCIEDAD DEL ESTADO (CAMYEN SE) മായി ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് (Khanij Bidesh India Limited-KABIL) ആണ് കരാറിൽ ഒപ്പുവെച്ചത്.

author-image
Greeshma Rakesh
New Update
രാജ്യത്തിന്റെ ആദ്യ ലിഥിയം ഖനന കരാർ അർജന്റീനയുമായി! ഖനന മേഖലയുടെ സുസ്ഥിര വികസനത്തിന് നിർണായകം

ന്യൂഡൽഹി: അർജന്റീനയുമായി പ്രഥമ ലിഥിയം ഖനന കരാറിൽ ഒപ്പുവെച്ച് കേന്ദ്ര സർക്കാർ. അർജന്റീനയിലെ കാറ്റമാർക്ക പ്രവിശ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമായ CATAMARCA MINERA Y ENERGETICA SOCIEDAD DEL ESTADO (CAMYEN SE) മായി ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് (Khanij Bidesh India Limited-KABIL) ആണ് കരാറിൽ ഒപ്പുവെച്ചത്.

ഒരു സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ആദ്യ ലിഥിയം പര്യവേക്ഷണ-ഖനന പദ്ധതിയാണിത്. കറ്റാമർക പ്രവിശ്യയിൽ ഏകദേശം 15,703 ഹെക്ടർ വിസ്തൃതിയുള്ള അഞ്ച് ലിഥിയം ബ്രൈൻ ബ്ലോക്കുകളുടെ പര്യവേക്ഷണവും വികസനവും KABIL ആരംഭിക്കും.അതെസമയം സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി ഖനി മന്ത്രാലയം പറഞ്ഞു.

കാറ്റമാർക്ക ഗവർണർ ലിക് റൗൾ ജലീൽ, കാറ്റമാർക്ക വൈസ് ഗവർണർ റൂബൻ ഡസ്സോ, ഖനി മന്ത്രി എച്ച്ഇ മാർസെലോ മുറുവ, അർജന്റീനയിലെ ഇന്ത്യൻ അംബാസഡർ എച്ച് ഇ ദിനേഷ് ഭാട്ടിയ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.കേന്ദ്ര പാർലമെന്ററി കാര്യ, കൽക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷി, ഖനി മന്ത്രാലയം സെക്രട്ടറി വി എൽ കാന്ത റാവു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യക്കും അർജന്റീനയ്‌ക്കും വേണ്ടിയുള്ള കാരാർ ചരിത്രപരമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. KABIL-CAMYEN ഉടമ്പടി ഒപ്പുവെച്ചതോടെ ഉഭകക്ഷി ബന്ധത്തിൽ പുതിയ അദ്ധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.ഈ ഉടമ്പടി സുസ്ഥിര ഭാവിയിലേക്കുള്ള ഊർജ്ജ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കും. ഇന്ത്യയിലെ വിവിധ വ്യവസായങ്ങൾക്ക് ആവശ്യമായ ധാതുക്കൾക്ക് പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണ്ണവുമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിലും ഈ ഉടമ്പടി സഹായിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അർജന്റീനയിലെ കാറ്റമാർക്ക പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന 5 ലിഥിയം ബ്രൈൻ ബ്ലോക്കുകളുടെ പര്യവേക്ഷണമാണ് കബിൽ നടത്തുക. കാറ്റമാർക്കയിൽ ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. ലിഥിയം ധാതുക്കളുടെ കണ്ടെത്തൽ, വാണിജ്യ ഉത്പാദനത്തിനുള്ള പര്യവേക്ഷണം തുടങ്ങിയവയാകും കാറ്റമാർക്കയിൽ നടത്തുക. ഏകദേശം 200 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

‘ലിഥിയം ട്രയാംഗിളിന്റെ’ ഭാഗമാണ് അർജന്റീന. ലോകത്തിലെ മൊത്തം ലിഥിയം വിഭവങ്ങളുടെ പകുതിയിലധികവും ചിലി, ബൊളീവിയ, അർജന്റീന എന്നിവിടങ്ങളിലാണ്. ലോകത്തിലെ വലിയ ലിഥിയം വിഭവങ്ങളിൽ രണ്ടാം സ്ഥാനവും, ലിഥിയം ശേഖരത്തിൽ മൂന്നാം സ്ഥാനവും ഉത്പാദനത്തിൽ ആഗോള തലത്തിൽ നാലം സ്ഥാനത്തും അർജന്റീനയാണ്.

ഓസ്‌ട്രേലിയയ്‌ക്ക് ശേഷം, നിർണായക ധാതുക്കൾ കണ്ടെത്തുന്നതിന് വിദേശ പങ്കാളിത്തത്തിൽ ഒപ്പുവെക്കാനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ശ്രമമാണിത്. 2022-ൽ, ഓസ്‌ട്രേലിയയുടെ ക്രിട്ടിക്കൽ മിനറൽസ് ഫെസിലിറ്റേഷൻ ഓഫീസുമായി (CMFO) ഇന്ത്യ അഞ്ച് ബ്ലോക്കുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. രണ്ടെണ്ണം ലിഥിയത്തിനും മൂന്നെണ്ണം കൊബാൾട്ടിനുമായിരുന്നു.

നിലവിൽ രാജ്യത്തിന്റെ ആവശ്യങ്ങൾക്കായി 100 ശതമാനം ലിഥിയം ഇറക്കുമതിയാണ് നടത്തുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ലിഥിയം ഇറക്കുമതി ഏകദേശം 3 ബില്യൺ ഡോളറാണ് (ഏകദേശം 24,900 കോടി രൂപ), ഇത് 22 സാമ്പത്തിക വർഷത്തേക്കാൾ 58 ശതമാനം വർധനവാണ്. ഇന്ത്യയുടെ ലിഥിയം ഇറക്കുമതിയുടെ 95 ശതമാനവും ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമാണെന്നും ഡാറ്റ വ്യക്തമാക്കുന്നു.

അഞ്ച് ലിഥിയം ബ്ലോക്കുകൾക്കായുള്ള പര്യവേക്ഷണ-വികസന കരാർ 2070-ഓടെ നെറ്റ് സീറോ എമിഷൻ നേടാനും ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിൽ സ്വയം പര്യാപ്തത നേടാൻ ഇന്ത്യയെ സഹായിക്കും.അതിനാൽ സുപ്രധാന കരാർ ഇന്ത്യയും അർജന്റീനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഖനന മേഖലയുടെ സുസ്ഥിര വികസനത്തിന് സംഭാവന നൽകുമെന്നതിൽ സംശയം വേണ്ട.

india argentina Lithium Mining State-Owned FirmKABIL - CAMYEN DEAL