/kalakaumudi/media/post_banners/1f2eaf8b81f7bc176891f09fbc03be33ce3e5d2d0bdc3b4332b295e2f3a3d09f.jpg)
ശ്രീഹരിക്കോട്ട: 27.5 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ പൂര്‍ത്തിയാക്കി. ശനിയാഴ്ച വൈകിട്ട് 5.35. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ജിഎസ്എല്‍വിഎഫ്14 റോക്കറ്റ് കുതിച്ചുയര്‍ന്നു. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായാണ് റോക്കറ്റിന്റെ പ്രയാണം.
19 മിനിറ്റിനുള്ളില്‍ 253.53 കിലോമീറ്റര്‍ അകലെയുള്ള താല്‍ക്കാലിക ഭ്രമണപഥത്തിലേക്ക് എത്തിച്ചു.
ഉപഗ്രഹം വരും ദിവസങ്ങളില്‍ ഭ്രമണ പഥം ഉയര്‍ത്തി ജിയോ സ്റ്റേഷണറി ഓര്‍ബിറ്റിലെത്തിക്കും.
ജിഎസ്എല്‍വിഎഫ്14 ഇന്‍സാറ്റ്3ഡിഎസ് ദൗത്യം വിജയകരമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് പ്രഖ്യാപിച്ചു. ജിഎസ്എല്‍വിയുടെ 16-ാം വിക്ഷേപണമാണിത്.
കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇന്‍സാറ്റ് ശ്രേണയിലേക്കുള്ള ഏറ്റവും അത്യാധുനിക ഉപഗ്രഹമായ ഇന്‍സാറ്റ്3ഡിഎസാണ് വിജയകരമായി വിക്ഷേപിച്ചത്. 2013 ജൂലൈ 25 ന് വിക്ഷേപിച്ച ഇന്‍സാറ്റ്3ഡി, 2016 സെപ്റ്റംബര്‍ 8ന് വിക്ഷേപിച്ച ഇന്‍സാറ്റ്3ഡിആര്‍ എന്നിവയുടെ തുടര്‍ച്ചയാണ് ഇന്‍സാറ്റ്3ഡിഎസ്.
എര്‍ത്ത് സയന്‍സസ് മന്ത്രാലയമാണ് ഇതിന്റെ മൊത്തം ചിലവും വഹിച്ചത്.
മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ടിത റിസര്‍ച്ച് ആന്റ് റെസ്‌ക്യൂ സര്‍വീസസിനുള്ള പിന്തുണ ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചത്.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു വേണ്ടിയാണ് ഐഎസ്ആര്‍ഒ ഇന്‍സാറ്റ്3ഡിഎസ് വിക്ഷേപിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ക്ക് ഇതില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കാം.