/kalakaumudi/media/post_banners/509d2add884ba6d2eef9269b712856136cb592752591361bc819ca390539f40c.jpg)
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഐഎഎസ്-ഐപിഎസ് പോരില്‍ ഇടപ്പെട്ട് സുപ്രീംകോടതി. പരസ്പരം പോരടിക്കുന്ന വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരോട് 'നിങ്ങളിങ്ങനെ പോരടിച്ചാല്‍ ഭരണം എങ്ങനെ നടക്കും?' എന്ന് സുപ്രീംകോടതി ചോദിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥ ഡി.രൂപ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിന് കോടതി വെള്ളിയാഴ്ച വരെ സമയം അനുവദിച്ചു. എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്യുന്നത് അസാധ്യമായിരിക്കുമെങ്കിലും സിന്ധുരിയ്‌ക്കെതിരായ തന്റെ എല്ലാ വിവാദ പരാമര്‍ശങ്ങളും പിന്‍വലിക്കുന്നതായി കാണിച്ച് രൂപ ഒരു പോസ്റ്റിടണമെന്നും കോടതി ചൂണ്ടിക്കാട്ടി.
രൂപ തന്റെ സ്വകാര്യചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നല്‍കിയെന്നായിരുന്നു രോഹിണിയുടെ പരാതി. അഴിമതിയാരോപണം ഉള്‍പ്പെടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് രോഹിണി അപകീര്‍ത്തിക്കേസ് നല്‍കിയിരുന്നു. എന്നാല്‍ രോഹിണി നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രൂപ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജിമാരായ അഭയ് എസ്.ഓക്ക, പങ്കജ് മിത്തല്‍ എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
മധ്യസ്ഥതയ്ക്ക് നിര്‍ദേശിച്ചെങ്കിലും പരാജയപ്പെട്ടതില്‍ കോടതി അതൃപ്തി അറിയിച്ചു.