/kalakaumudi/media/post_banners/274c62262ff202816762a4de0b9b1606dec0721223305c08e4407c45253b6f70.jpg)
ടെല്‍അവീവ്: ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. അമേരിക്ക, ഇസ്രായേലിന് സാമ്പത്തിക-സൈനിക സഹായം നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് ഇസ്രായേലില്‍ ഹമാസ് ആക്രമണം നടത്തിയത്. 5,000 റോക്കറ്റുകളാണ് 20 മിനിറ്റില്‍ ഇസ്രയേല്‍ നഗരങ്ങളില്‍ പതിച്ചത്. ഇറാന്റെ സഹായത്തോടെയാണ് ഇസ്രായേലിനുള്ളില്‍ ഹമാസ് നുഴഞ്ഞുകയറി റോക്കറ്റ് ആക്രമണം നടത്തിയത്.
ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സംഘം വെടിവെപ്പും നടത്തി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. 1500 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രായേലും ശക്തമായി തിരിച്ചടിച്ചതോടെ മേഖല യുദ്ധക്കളമായി മാറി. പലയിടങ്ങളിലും ഇരുവിഭാഗങ്ങളും തമ്മില്‍ ശക്തമായ പോരാട്ടം തുടരുന്നുണ്ട്. ഗാസയില്‍ 250 ഓളം പേരാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതിനിടെ, ഗാസയിലെ ചില മേഖലകളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഗാസയിലേക്ക് ഇന്ധനമടക്കമുള്ള ചരക്കുനീക്കം തടയുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.