/kalakaumudi/media/post_banners/931bb4251ee39aded2ef9a1900ad609f6f5116c4e130f7c0d9375af0fa15421d.jpg)
ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍, ഹമാസിന് പിന്തുണയുമായി ഇറാനും ഖത്തറും. പലസ്തീന്‍ പോരാളികളെ ഇറാന്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. പലസ്തീനും ജറുസലമമും സ്വാതന്ത്ര്യം നേടുന്നതുവരെ, പലസ്തീന്‍ പോരാളികള്‍ക്കൊപ്പം നില്‍ക്കുമെന്നും ഇറാന്‍ അറിയിച്ചു.
സംഘര്‍ഷത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്തി ഖത്തറും രംഗത്തെത്തി. സംഘര്‍ഷത്തിന്റെ ഉത്തരവാദി ഇസ്രയേല്‍ മാത്രമാണ്. ഇരു വിഭാഗങ്ങളും അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. സംഘര്‍ഷത്തിന്റെ മറവില്‍ ഗാസയിലെ പലസ്തീന്‍കാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ നിന്ന് ഇസ്രയേലിനെ രാജ്യാന്തര സമൂഹം തടയണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സൈനിക നീക്കത്തില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇന്ത്യ, യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, യുകെ, സ്‌പെയിന്‍, ബെല്‍ജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആക്രണത്തിനെ അപലപിച്ചു. സംഘര്‍ഷത്തില്‍ നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്ന് ആവശ്യവുമായി റഷ്യ, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും രംഗത്തുവന്നു.
ഗാസയില്‍ റോക്കറ്റാക്രമണവും നുഴഞ്ഞുകയറ്റവും തുടരുന്നതിനിടെയാണ് ഇസ്രയേല്‍ പലസ്തീനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. സംഘര്‍ഷത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായും ഏഴുനൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റതായുമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഓപ്പറേഷന്‍ അല്‍അഖ്‌സ സ്റ്റോം എന്ന പേരില്‍ ഇസ്രയേലിനെതിരെ ഹമാസ് സൈനിക നീക്കം ആരംഭിച്ചത്. തുടര്‍ന്ന് ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തിലാണെന്നും ഇതില്‍ വിജയിക്കുമെന്നും പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.