/kalakaumudi/media/post_banners/6bf0fddb5e1120b4a9a56d0af56f6fb80def40cf2008d28c4b5a231b50fcb21b.jpg)
ന്യൂഡൽഹി:ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹം ശനിയാഴ്ച വിക്ഷേപിക്കും. ഐഎസ്ആർഒയുടെ നോട്ടി ബോയ് എന്നറിയപ്പെടുന്ന ഇൻസാറ്റ്-3ഡിഎസ് എന്ന ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത് .ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വൈകീട്ട് 5.35-ന് ഉപഗ്രഹം വിക്ഷേപിക്കും.
ജി എസ് എൽ വിയുടെ പതിനാറാമത്തെ ദൗത്യമാണിത്. ഇന്ത്യൻ കാലാവസ്ഥ പ്രവചനശേഷി വർധിപ്പിക്കാൻ തക്ക സജ്ജീകരണങ്ങളോടെയാണ് ഇൻസാറ്റ്-3ഡിഎസ് ഒരുക്കിയിരിക്കുന്നത്. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഏകദേശം 480 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഭൗമശാസ്ത്ര മന്ത്രാലയമാണ് ഉപഗ്രഹ നിർമാണത്തിന് ആവശ്യമായ തുക ഐഎസ്ആർഒയ്‌ക്ക് കൈമാറിയത്.
കാലാവസ്ഥാ നിരീക്ഷണം, പ്രവചനം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയ ലക്ഷ്യങ്ങൾ വെച്ചാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഐഎസ്ആർഒ അധികൃതർ പറഞ്ഞു. കരയുടെയും സമുദ്രത്തിന്റെയും ഉപരിതല നിരീക്ഷണവും ഇതിലൂടെ സാധ്യമാകും.
പുതിയ ഉപഗ്രഹത്തിന്റെ ഭാഗമായ സെർച്ച് ആൻഡ് റെസ്‌ക്യൂ ട്രാൻസ്പോണ്ടർ ദുരന്തമുഖത്ത് സഹായകരമാകും. കപ്പലുകളിലും ട്രക്കുകളിലും ഘടിപ്പിച്ച പ്രത്യേക ഉപകരണങ്ങൾ വഴിയാകും ഇതിന് സിഗ്നലുകൾ ലഭിക്കുന്നത്.
ഇൻസാറ്റ്-3ഡി, ഇൻസാറ്റ്-3ഡിആർ, ഓഷ്യൻസാറ്റ് എന്നിങ്ങനെ മൂന്ന് കാലാവസ്ഥാ ഉപഗ്രഹങ്ങളാണ് നിലവിൽ ഇന്ത്യക്കുള്ളത്. 2013 ൽ വിക്ഷേപിച്ച ഇൻസാറ്റ്-3ഡി കാലവധിയിലേക്ക് അടുക്കുകയാണ്. ഇതിന് പകരമായാണ് കൂടുതൽ സജ്ജീകരണങ്ങളൊടെയുളള ഉപഗ്രഹം വിക്ഷേപിക്കുന്നതെന്ന് സാറ്റലൈറ്റ് മെറ്റീരിയോളജി ഡിവിഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആഷിം കുമാർ മിത്ര പറഞ്ഞു.