സ്ഥാനക്കയറ്റം തടഞ്ഞുവച്ചു; രാജു നാരായണസ്വാമി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ്

By Web Desk.01 12 2023

imran-azhar

 


ന്യൂഡല്‍ഹി: സ്ഥാനക്കയറ്റം തടഞ്ഞുവച്ചത് ചോദ്യം ചെയ്ത് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കി. കേരള കേഡറിലെ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

 

ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കാതെ തന്റെ ബാച്ചിലെ ജൂനിയറായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു. 1991 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമി നിലവില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്ക് ഉദ്യോഗസ്ഥനാണ്. സര്‍വ്വീസില്‍ 30 വര്‍ഷം പൂര്‍ത്തിയായതിനാല്‍ താന്‍ ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹനാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.

 

ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം തീരുമാനിക്കുന്നത് ഇതുമായി ബന്ധപ്പെട്ട സ്‌ക്രീനിംഗ് കമ്മിറ്റിയാണ്. 90 ശതമാനം പൂര്‍ത്തിയായ ആന്വല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഈ കമ്മിറ്റി മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ രാജു നാരായണ സ്വാമിയുടെ ഇത്തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ലഭിച്ചിരുന്നില്ല. കമ്മിറ്റി മുമ്പാകെ ലഭ്യമായ രേഖകള്‍ പരിശോധിച്ച കമ്മിറ്റി രാജു നാരായണസ്വാമിയുടെ സ്ഥാനക്കയറ്റം തടയുകയായിരുന്നു. ഇതിനെതിരെ സ്വാമി നല്‍കിയ നിവേദനം സംസ്ഥാന മന്ത്രിസഭ തള്ളിക്കളയുകയായിരുന്നു.

 

1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരായ എ. ജയതിലക്, ഇഷിത റോയ് എന്നിവര്‍ക്കും ഹര്‍ജിയില്‍ ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

 

 

 

 

 

OTHER SECTIONS