/kalakaumudi/media/post_banners/dfcd632ed9cd5569a8fc8aa7e5f05645939d14aa9536eee49f3d52ae414861d5.jpg)
ജയ്‌സാൽമീർ: ബിജെപി തന്റെ ചിത്രം ദുരുപയോഗം ചെയ്‌തുവെന്നാരോപിച്ച് കർഷകൻ രംഗത്ത്.വായ്പാ കുടിശ്ശിക കാരണം ആയിരക്കണക്കിന് കർഷകർക്ക് ഭൂമി നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട് രാജസ്ഥാനിൽ ബിജെപി പതിച്ച പോസ്റ്ററിനെച്ചൊല്ലിയാണ് വിവാദം.
ജയ്‌സാൽമീറിൽ നിന്നുള്ള 70 കാരനായ മധുരം ജയ്പാൽ എന്ന കർഷകനാണ് ബിജെപിക്കെതിരെ രംഗത്തുവന്നത്. തന്റെ കുടുംബത്തിന്റെ ഭൂമി ലേലം ചെയ്തിട്ടില്ലെന്നും തങ്ങൾക്ക് കടബാധ്യതയില്ലെന്നും കർഷകന്റെ മകൻ വ്യക്തമാക്കി. ഫോട്ടോ നീക്കം ചെയ്യാൻ പ്രാദേശിക ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു, ഇല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കർഷകൻ മുന്നറിയിപ്പ് നൽകി.
'നഹി സഹേഗാ രാജസ്ഥാൻ' (രാജസ്ഥാൻ ഇത് വെച്ചുപൊറുപ്പിക്കില്ല) എന്ന തലക്കെട്ടോടെയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ബിജെപി പോസ്റ്റർ പുറത്തുവിട്ടത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് രാജസ്ഥാനിലെ 19,000 കർഷകരുടെ ഭൂമി ലേലം ചെയ്തതായി പറയുന്ന ഈ പോസ്റ്ററിലാണ് കർഷകന്റെ ഫോട്ടോയുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ പോസ്റ്റർ പതിച്ചിട്ടുണ്ട്.
അതെസമയം ജയ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി കള്ളക്കഥകൾ മെനയുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വിമർശിച്ചു. കർഷകൻ ശക്തമായി പ്രതികരിച്ചതായും മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.