ജമ്മു കശ്‌മീർ അപകടം; നാല് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, ചിറ്റൂരിൽ പൊതുദർശനം

By Greeshma Rakesh.08 12 2023

imran-azhar

 

പാലക്കാട്: ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് നാട്ടിലെത്തിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെട്ട് മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്.

 


പിന്നീട് നോർക്കയുടെ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ ജന്മനാടായ പാലക്കാട് ചിറ്റൂരിൽ എത്തിച്ചു.അതെസമയം അപകടത്തിൽ പരിക്കേറ്റ വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനിൽ.ആർ, ശ്രീജേഷ്, അരുൺ, പി. അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തിൽ തന്നെ നാട്ടിൽ എത്തിച്ചു.

 

കേരള ഹൗസിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജി മോൻ, അസിസ്റ്റന്റ ലെയ്സൺ ഓഫീസർമാരായ ജിതിൻ രാജ് റ്റിഒ, അനൂപ് വി. എന്നിവരാണ് ശ്രീനഗറിൽ നിന്നും യാത്ര സംഘത്തെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ചെയ്തത്.

 

അതെസമയം അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചു. ശേഷം ചിറ്റൂർ ശ്മശാനത്തിൽ സംസ്കാരം നടക്കും. രാവിലെ എട്ടുമണിവരെയാണ് പൊതുദർശനം നടക്കുക. അതിന് ശേഷം അവരുടെ വീട്ടിലേക്ക് കൊണ്ടുപോവും.

 

അതേസമയം, ഗുരുതരാവസ്ഥയിലുള്ള മനോജിന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചു. മനോജ് കശ്മീരിലാണ് ചികിത്സയിലുള്ളത്. മരിച്ചരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

 

ശ്രീനഗർ –ലേ ദേശീയപാതയിൽ വച്ചു ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ടാറ്റാ സുമോ വാഹനത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്.

 


 

OTHER SECTIONS