ജമ്മു കശ്മീരില്‍ മഞ്ഞില്‍ തെന്നി വാഹനം കൊക്കയിലേക്ക്; മരിച്ച 4 മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം ബുധനാഴ്ച

ജമ്മു കശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ച നാല് മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ശ്രീനഗറില്‍ നടക്കും.

author-image
Priya
New Update
ജമ്മു കശ്മീരില്‍ മഞ്ഞില്‍ തെന്നി വാഹനം കൊക്കയിലേക്ക്; മരിച്ച 4 മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം ബുധനാഴ്ച

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ച നാല് മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ശ്രീനഗറില്‍ നടക്കും.

സോനാ മാര്‍ഗയിലെ ആശുപത്രിയില്‍ നിന്ന് മൃതദേഹങ്ങള്‍ ശ്രീനഗറില്‍ എത്തിക്കും. പാലക്കാട് സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരാണ് ഇന്നലെ സോജില ചുരത്തില്‍ നടന്ന അപകടത്തില്‍ മരിച്ചത്.

അപകടത്തില്‍ കശ്മീര്‍ സ്വദേശിയും ഡ്രൈവറുമായ ഐജാസ് അഹമ്മദ് അവാനും മരിച്ചു. വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്റിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു.

ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ രാജേഷ് , അരുണ്‍, മനോജ് എന്നിവര്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം 30 നാണ് 13 പേര്‍ കശ്മീരിലേക്ക് പോകുന്നത്.

പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. മൂന്ന് ഉദ്യോഗസ്ഥര്‍ ശ്രീനഗറിലേക്ക് തിരിച്ചു. ഡല്‍ഹി നോര്‍ക്കാ ഓഫീസറും കേരള ഹൗസിലെ ഉദ്യോഗസ്ഥരുമാണ് ശ്രീനഗറിലേക്ക് പുറപ്പെട്ടത്.

accident jammu kashmir