/kalakaumudi/media/post_banners/5388360889477067a28ed6fdbe871582d0978b5bf4d593c577e2d1eee7f200ae.jpg)
ഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ നാല് പ്രതിക്കള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. സാകേത് അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 15 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി വന്നത്. കഴിഞ്ഞ 18ന് കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.
വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ആദ്യ 4 പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ ആദ്യ നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും ആണ് കുറ്റം ചുമത്തിയിരിക്കുന്നത്.
2008 സെപ്തംബര്‍ 30 നായിരുന്നു കേസിനാസ്പദമായ സംഭവം. ദില്ലിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ 'ഹെഡ്ലൈന്‍സ് ടുഡേ' ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു സൗമ്യ വിശ്വനാഥന്‍. 2008 സെപ്റ്റംബര്‍ 30-ന് ഹെഡ് ലെയിന്‍സ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറില്‍ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെല്‍സണ്‍ മണ്‍ഡേല റോഡിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു.
പിന്നീട് സൗത്ത് ഡല്‍ഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അപകട മരണമാണ് എന്ന സംശയം ഉയര്‍ന്നു. വിദഗ്ധ പരിശോധനയ്ക്കൊടുവില്‍ തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരു മെറൂണ്‍ കാര്‍ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തി.
എന്നാല്‍ കേസില്‍ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് 2009 മാര്‍ച്ച് 20 ന് കോള്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ജിഗിഷ ഘോഷ് കൊല്ലപ്പെട്ടു. ഈ കേസിലും അതേ മെറൂണ്‍ കാറിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്. 2009 ല്‍ രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. വിചാരണ വര്‍ഷങ്ങള്‍ നീണ്ടു.
15 വര്‍ഷം ഒരു ചെറിയ സമയമല്ലെന്നും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് സൗമ്യയുടെ മാതാപിതാക്കള്‍ നേരത്തെ പ്രതികരിച്ചത്.
'വധശിക്ഷയ്ക്ക് ഞങ്ങള്‍ എതിരാണ്. അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാകും അവര്‍ക്ക്. ഞങ്ങള്‍ അനുഭവിച്ചത് അവരും അറിയണം. സൗമ്യയുടെ മരണശേഷം ഞങ്ങള്‍ ആകെ തളര്‍ന്നു.' എന്നും മകളെ കുറിച്ചുള്ള പത്രവാര്‍ത്തകളും, പഴയ ഐഡി കാര്‍ഡുകളും, ചേര്‍ത്ത് വെച്ച് സൗമ്യയുടെ കുടുംബം പറഞ്ഞു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">