/kalakaumudi/media/post_banners/070ed776ab6d4c931b8eddadf57919a18462037789e04d6c7422c3959c4d0bac.jpg)
തിരുവനന്തപുരം: പുതിയ മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി സഗൗരവും കെ.ബി.ഗണേഷ് കുമാര്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ശക്തമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടെ, മുഖ്യമന്ത്രിയും ഗവര്‍ണറും ചടങ്ങിനിടെ അടുത്തടുത്ത സീറ്റിലിരുന്നിട്ടും പരസ്പരം സൗഹൃദം പങ്കിട്ടില്ല.
പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിച്ച് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കും. രണ്ടു മന്ത്രിമാരുടെയും വകുപ്പുകളില്‍ മാറ്റമുണ്ടാകാനിടയില്ല. ചില മന്ത്രിമാരുടെ വകുപ്പുകളില്‍ ചെറിയ മാറ്റങ്ങളുണ്ടാകുമെന്ന് സൂചനയുണ്ട്. ചടങ്ങില്‍ മന്ത്രിമാരും, എംഎല്‍എമാരും, എംപിമാരും, രാഷ്ട്രീയ നേതാക്കളും, വിവിധ മേഖലകളിലെ പ്രധാന വ്യക്തികളും പങ്കെടുത്തു.
ഏക എംഎല്‍എയുള്ള പ്രധാന ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എല്‍ഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും (ജനാധിപത്യ കേരള കോണ്‍ഗ്രസ്) അഹമ്മദ് ദേവര്‍കോവിലും (ഐഎന്‍എല്‍) സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണു കോണ്‍ഗ്രസ്(എസ്), കേരള കോണ്‍ഗ്രസ്(ബി) പ്രതിനിധികള്‍ മന്ത്രി സ്ഥാനത്തേക്ക് എത്തിയത്.
ആന്റണി രാജു വഹിച്ച ഗതാഗതം അടക്കമുള്ള വകുപ്പുകള്‍ ഗണേഷിനും അഹമ്മദ് ദേവര്‍കോവില്‍ വഹിച്ച തുറമുഖം അടക്കമുള്ള വകുപ്പുകള്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും ലഭിച്ചേക്കും.