/kalakaumudi/media/post_banners/f49585d05e477b8b20cf63ab908cbdad23b3dbae8f48e0ca55678543404b9645.jpg)
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുക്കണം എന്ന ധാരണ എല്‍ ഡി എഫില്‍ ഉണ്ട്. സ്ത്രീകള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തടസമില്ല. പക്ഷെ ഇപ്പോളത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്നും കെ കെ ശൈലജ പറഞ്ഞു. കോഴിക്കോട് കെഎല്‍എഫ് (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍) വേദിയിലാണു ശൈലജയുടെ പ്രതികരണം.
വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. കേരളത്തിലെ സര്‍ക്കാര്‍ മാധ്യമങ്ങളെ വേട്ടയടുന്നു എന്നത് ശരിയല്ല. കോവിഡ്, നിപ കാലഘട്ടത്തില്‍ മികച്ച സഹകരണമാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
''നാളുകളായി പിന്തള്ളപ്പെട്ടു പോയ വിഭാഗമാണു സമൂഹത്തിലെ സ്ത്രീകള്‍. അവരെ മുന്നിലേക്കു കൊണ്ടുവരാന്‍ ഇടതുപക്ഷ ആശയം നന്നായി സഹായിച്ചിട്ടുണ്ട്. അതുപോലെ പാര്‍ലമെന്റിലും നിയമസഭയിലും വേണം. അതിനാവശ്യമായ നടപടിക്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണം. കൂടുതല്‍ സ്ത്രീകള്‍ക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാതിനിധ്യം കൊടുക്കണം. വിജയസാധ്യതയൊക്കെ ചര്‍ച്ച ചെയ്താണു ചിലയിടത്തുനിന്നും സ്ത്രീകളുടെ പേര് മാറ്റുന്നത്. അതിനിടയാകരുത്. ജയിക്കുന്ന സീറ്റില്‍ തന്നെ സ്ത്രീകളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.''എന്നും കെ കെ ശൈലജ പറഞ്ഞു.