'അച്ഛന്റെ ആത്മാവ് പൊറുക്കില്ല, പത്മജയെകൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല'; സഹോദരിയെന്ന ബന്ധം പോലും ഇനിയില്ലെന്ന് കെ മുരളീധരൻ

പ്രോത്സാഹിക്കാനും ചിരിക്കാനും ആൾക്കാരുണ്ടാവും, അവരെയൊക്കെ ഞങ്ങൾക്ക് അറിയാം. വടകരയിൽ മത്സരിക്കുമെന്നും ജനങ്ങൾക്ക് വർഗീയതക്കെതിരായ തന്റെ നിലപാട് അറിയാമെന്നും കെ മുരളീധരൻ പ്രതികരിച്ചു

author-image
Greeshma Rakesh
New Update
'അച്ഛന്റെ ആത്മാവ് പൊറുക്കില്ല, പത്മജയെകൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല'; സഹോദരിയെന്ന ബന്ധം പോലും ഇനിയില്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം പാർട്ടിയോടുള്ള ചതിയാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. കോൺഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്.പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.അതെസമയം പാർട്ടിയെ ചതിച്ച പത്മജയുമായി ഇനി സഹോദരി എന്ന നിലയിൽ പോലും ബന്ധമില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാർട്ടി എന്നും മത്സരിപ്പിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. 52000 വോട്ടിന് യുഡിഎഫ് ജയിച്ച മുകുന്ദപുരത്ത് 2004 ൽ ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 2011 ൽ തേറമ്പിൽ രാമകൃഷ്ണൻ 12000 വോട്ടിന് ജയിച്ച സീറ്റിൽ 7000 വോട്ടിന് തോറ്റു.കഴിഞ്ഞ തവണ ആയിരം വോട്ടിന് തോറ്റു ആരെങ്കിലും കാലുവാരിയാൽ തോൽക്കുന്നതല്ല തെരഞ്ഞെടുപ്പെന്നും മുരളീധരൻ വിശദീകരിച്ചു. ഇടതുമുന്നണി ജയിക്കുന്ന വട്ടിയൂർക്കാവിൽ താൻ മത്സരിച്ച് ജയിച്ചില്ലേ. വടകരയിലും താൻ ജയിച്ചില്ലേ. ആരെങ്കിലും കാലുവാരിയാൽ തോൽക്കുമെങ്കിൽ താൻ തോൽക്കണ്ടെതല്ലേയെന്നും മുരളീധരൻ ചോദിച്ചു.

അതെസമയം പത്മജയുടെ തീരുമാനം അച്ഛൻ കെ. കരുണാകരന്റെ ആത്മാവിന് പോലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തിൽ പോലും കെ കരുണാകരൻ വർഗീയതയോട് സന്ധി ചെയ്തില്ല.അച്ഛൻ സാമ്പത്തിക പ്രയാസം ധാരാളം അനുഭവിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നപ്പോഴും ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും ആദരിച്ചു, അവരെ മറന്നില്ല. 1978 ൽ പാർട്ടി പിളർന്നപ്പോൾ രാഷ്ട്രീയ അന്ത്യമാകുമെന്ന് കരുതി, അന്ന് ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

 

പാർട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓർക്കണമായിരുന്നു. എനിക്കൊരുപാട് പ്രയാസം ഉണ്ടായിട്ടുണ്ട്. അതൊന്നും കൊണ്ട് താൻ ബിജെപിയിൽ പോയിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ഇപ്പോഴത്തെ പത്മജയുടെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഇനി ഒരു തരത്തിലുള്ള ബന്ധവും അവരുമായില്ല. പ്രോത്സാഹിക്കാനും ചിരിക്കാനും ആൾക്കാരുണ്ടാവും, അവരെയൊക്കെ ഞങ്ങൾക്ക് അറിയാം. വടകരയിൽ മത്സരിക്കുമെന്നും ജനങ്ങൾക്ക് വർഗീയതക്കെതിരായ തന്റെ നിലപാട് അറിയാമെന്നും കെ മുരളീധരൻ പ്രതികരിച്ചു.

k muraleedharan congress BJP padmaja venugopal