/kalakaumudi/media/post_banners/e37a370f0282a0ab5a8c7b457734bec06b4a9bf2315932a96ff25bc555132860.jpg)
ന്യൂഡല്‍ഹി: കേരള പവിലിയനും രുചിമേളം തീര്‍ക്കുന്ന ഫുഡ് കോര്‍ട്ടും സമ്മാനിക്കുന്നത് കേരളത്തിന്റെ തനത് രുചിയും തനിമയുമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്. കേരളത്തിന്റെ ഉല്പന്നങ്ങളും സേവനങ്ങളും ഏറെ ഭംഗിയോടെ പവിലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള പവിലിയന്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍മന്ത്രി എം.എ ബേബിയും അദ്ദേഹത്തോടൊപ്പം പവിലിയന്‍ സന്ദര്‍ശിക്കാനുണ്ടായിരുന്നു.
പി.ആര്‍ ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ അശ്വതി വി.പി., കുടുംബശ്രീ പി.ആര്‍. ഒ നാഫി മുഹമ്മദ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് എന്നിവര്‍ ചേര്‍ന്ന് ഇരുവരേയും സ്വീകരിച്ചു. കെ വി തോമസ് പവിലിയനിലെ എല്ലാ സ്റ്റാളുകള്‍ സന്ദര്‍ശിക്കുകയും സ്റ്റാളുകളിലെ ഉല്പന്നങ്ങളുടെ വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
കേരളത്തിലെത്തിയ പോലെ
കേരളത്തില്‍ ലഭ്യമായ മീന്‍ രുചികളെല്ലാം ചേര്‍ത്ത് ലഭിച്ച ചട്ടിച്ചോര്‍ നാട്ടിലെ വീട്ടില്‍ ഊണ് കഴിക്കുമ്പോള്‍ ലഭിക്കുന്ന അതെ രുചിയിലാണ് അതുകൊണ്ട് തന്നെ കേരളത്തില്‍ എത്തിയ പോലെയാണ് തോന്നുന്നതെന്നും പ്രൊഫ. കെ.വി.തോമസ് അഭിപ്രായപ്പെട്ടു. സാഫ് ഫുഡ് കോര്‍ട്ടിലെത്തി ചട്ടിച്ചോര്‍ കഴിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി മലയാളികള്‍ക്ക് നഷ്ടമാകുന്ന മീന്‍രുചികളെല്ലാം ആസ്വദിക്കുന്നതിനുളള അവസരമാണിതെന്നും എല്ലാവരും അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സാഫിന്റെ ഫുഡ് കോര്‍ട്ടില്‍ മീന്‍ വിഭവങ്ങളാണ് പ്രധാനമെങ്കിലും താരം ചട്ടിച്ചോറാണ്. ചോറിനൊപ്പം സാമ്പാര്‍, തോരന്‍, കൂട്ടുകറി, അച്ചാര്‍, പുളിയിഞ്ചി , ചമ്മന്തി, ചെമ്മീന്‍ ചമ്മന്തി, ഫിഷ് പിക്കിള്‍, മുട്ട ഓംലറ്റ്, ഫിഷ് ഫ്രൈ, ചിക്കന്‍ ഫ്രൈ, കപ്പ, ഫിഷ് കറി, പപ്പടം, കൊണ്ടാട്ടം, സാലഡ് എന്നിവയൊക്കെ ചേര്‍ന്നതാണ് ചട്ടിച്ചോര്‍. വിഭവ സമൃദ്ധമായ ചട്ടിച്ചോറിന് തന്നെയാണ് ഫുഡ് കോര്‍ട്ടില്‍ ഡിമാന്റ് കൂടുതല്‍.