/kalakaumudi/media/post_banners/410f5de55852ea1dcdc21692f80b4b65261e37949161c603daa18f5ac730b382.jpg)
കളമശ്ശേരിയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പ്രവീണിന്റെ മൃദേഹം മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍. ഇളയ മകളും ഭാര്യയും മരിച്ചതിന് പിന്നാലെ മൂത്ത മകന്റെയും അകാല വേര്‍പാടില്‍ മനം നൊന്ത് പിതാവ് കടവന്‍കുടി വീട്ടില്‍ പ്രദീപന്‍ സമീപം
സാജു ഏനായി
കാലടി: കളമശ്ശേരി ബോംബ് സ്‌ഫോടനത്തില്‍ ഗുരുതര പൊള്ളലേറ്റു മരിച്ച ഇളയ മകളുടെയും ഭാര്യയുടെയും അകാല വേര്‍പാടില്‍ വെന്തുനീറുന്ന മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപന്റെ മൂത്ത മകന്‍ പ്രവീണ്‍ ഇതേ ദുരന്തത്തിന്റെ പേരില്‍ അകാല മൃത്യുവരിച്ചത് വീണ്ടും നൊമ്പരകാഴ്ച്ചയായി. അമ്മയെയും ഇളയ സഹോദരിയെയും അടക്കം ചെയ്ത കൊരട്ടിയിലെ അതേ ശ്മാശാനത്തില്‍ തന്നെ പ്രവീണിന്റെയും സംസ്‌കാരവും നടത്തി.
ശനിയാഴ്ച രാവിലെ 10-ന് മലയാറ്റൂരില്‍ എത്തിച്ച മൃതദേഹം അവിടെ സെന്റ് തോമസ് പള്ളി വക ഫുഡ് കോര്‍ട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. പ്രാത്ഥനകള്‍ക്ക് ശേഷം 11.30-ന് സംസ്‌കാരത്തിനായി കോരട്ടിയിലേക്ക് കൊണ്ടു
പോകുകയായിരുന്നു. കഴിഞ്ഞ മാസം 29-നാണ് കളമശ്ശേരി സ്‌ഫോടനത്തില്‍ മലയാറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രദീപന്റെ ഭാര്യ റീന (സാലി) മക്കളായ പ്രവീണ്‍ (24), രാഹുല്‍ (21), മകള്‍ ലിബ്‌ന (12)
എന്നിവര്‍ക്ക് പൊള്ളലേറ്റത്. സ്‌ഫോടനം നടന്ന രാത്രി തന്നെ മരിച്ച ലിബ്നയുടെ സംസ്‌കാരം നാലാം തീയതിയാണ് നടത്തിയത്. 11-ന് സാലിയും മരിച്ചു.13- ന് സംസ്‌കരം നടത്തി.
നിസാര പൊള്ളലേറ്റ രണ്ടാമത്തെ മകന്‍ രാഹുല്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ വീട്ടില്‍ വിശ്രമത്തിലാണ്. പ്രവീണിന്റെ മൃതദേഹത്തില്‍ ജില്ലാ കലക്ടര്‍ക്ക് വേണ്ടി തഹസില്‍ദാര്‍ സുനില്‍ മാത്യൂ, ബെന്നി ബഹന്നാന്‍ എം.പി, റോജി എം.ജോണ്‍ എംഎല്‍എ, മലയാറ്റൂര്‍ പള്ളി വികാരി ഫാ.വര്‍ഗീസ് മണവാളന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.