/kalakaumudi/media/post_banners/140a0eecca9c02c20dd8c5fc2cc8056b3d53085c695055d7a8d8a39d02fb4c7c.jpg)
കാലടി: വാടക വീട്ടില്‍ താമസിക്കുന്ന, മലയാറ്റൂര്‍ സ്വദേശി പ്രദീപന്റെ കുടുംബത്തെ തല്ലിക്കെടുത്തി കളമശ്ശേരി ബോംബ് സ്‌ഫോടനം. ദുരന്തത്തിന്റെ ആദ്യദിനം തന്നെ പ്രദീപന്റെ ഏകമകള്‍ യാത്രയായി. അതിന്റെ വേദന തീരും മുമ്പ് ഭാര്യയും ഓര്‍മ്മയായി.
ഒക്ടോബര്‍ 29 ന് കളമശ്ശേരിയിലെ ഹാളില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിലുണ്ടായ സ്‌ഫോടനത്തില്‍ പ്രദീപന്റെ ഭാര്യ സാലി, മക്കളായ രാഹുല്‍, പ്രവീണ്‍, ലിബിന എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മകള്‍ ലിബിന (12) സംഭവ ദിവസം രാത്രി തന്നെ ചികിത്സയിലിരിക്കെ മരിച്ചു.
മലയാറ്റൂര്‍ നീലിശ്വരം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ലിബിനയുടെ സംസ്‌കാരം നവംബര്‍ 4 നായിരുന്നു. സ്‌കൂളിലും മലയാറ്റൂരിലെ വാടക വീട്ടീലും പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് ചാലക്കുടിക്കടുത്ത് കൊരട്ടിയില്‍ സംസ്‌കരിച്ചു.
ശനിയാഴ്ച രാത്രിയിലാണ് പ്രദീപന്റെ ഭാര്യ സാലി മരിച്ചത്. ഏക മകള്‍ ലിബിന മരിച്ച കാര്യമറിയാതെയാണ് അമ്മ സാലിയും മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ 14 ദിവസമായി ചികിത്സയില്‍ കഴിയുന്ന മക്കള്‍ക്കും ഭാര്യയ്ക്കും ആശുപത്രി വരാന്തയില്‍ കൂട്ടിരുന്നത് പ്രദീപനായിരുന്നു. അതിനിടയില്‍, ലിബിനയുടെ സംസ്‌കാരത്തിനാണ് പ്രദീപന്‍ ആശുപത്രിയില്‍ നിന്നും വീട്ടീലെത്തിയത്.
പ്രദീപന്റെ രണ്ട് ആണ്‍മക്കളും പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലാണ്. മകന്‍ പ്രവീണിന്റെ പൊള്ളല്‍ ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവീണ്‍. രണ്ടാമത്തെ മകന്‍ രാഹുലിന്റെ പൊള്ളല്‍ ഗുരുതരമല്ല.