/kalakaumudi/media/post_banners/43bb6dc919d90776f1e8298a5dbbbe393b1bc5630fa5d9205dee582c2c007974.jpg)
തിരുവനന്തപുരം: കളമശേരിയിലുണ്ടായ സ്ഫോടന സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ അന്വേഷണത്തിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീം രൂപീകരിച്ചിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ടു തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണു കളമശേരിയിലുണ്ടായത്. സംഭവത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടു. 41 പേര്‍ ഇപ്പോള്‍ ആശുപത്രിയിലുണ്ട്. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 27 പേരും സണ്‍റൈസ് ആശുപത്രിയില്‍ ആറു പേരും സാന്‍ജോയ് ആശുപത്രിയില്‍ നാലു പേരും ആസ്റ്ററില്‍ രണ്ടു പേരും രാജഗിരിയില്‍ രണ്ടു പേരും ചികിത്സയിലുണ്ട്. നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം മെഡിക്കല്‍ സെന്റര്‍, സണ്‍റൈസ് ആശുപത്രികളില്‍നിന്നു രണ്ടുവീതം പേരെയാണു ഡിസ്ചാര്‍ജ് ചെയ്തത്. അതീവഗുരുതരമായി കഴിയുന്ന അഞ്ചുപേരുണ്ട്. ഇതില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ രണ്ടു പേരും ആസ്റ്ററില്‍ രണ്ടു പേരും രാജഗിരിയില്‍ ഒരാളുമാണ്. ഐസിയുവില്‍ കഴിയുന്ന 17 പേരില്‍ ഒമ്പതു പേര്‍ മെഡിക്കല്‍ കോളജിലും എട്ടു പേര്‍ മറ്റു സ്വകാര്യ ആശുപത്രികളിലുമാണ്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല എഡിജിപി ലോ ആന്‍ഡ് ഓര്‍ഡറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീമിനായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥനായി കൊച്ചി ഡിസിപി ശശിധരന്‍ ഐപിഎസിനെ നിശ്ചയിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ 20 അംഗങ്ങളാണുണ്ടാകുക. സംഭവം നടന്നയുടന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. കേരളത്തിന്റെ പ്രത്യേകത നിലനിര്‍ത്തിപ്പോകുന്നതിനാവശ്യമായ മുന്‍കരുതലെന്ന നിലയ്ക്ക് 30 ഒക്ടോബര്‍ രാവിലെ 10 ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങള്‍ അപ്പോഴേയ്ക്കു വ്യക്തമാകുമെന്നാണു കരുതുന്നത്.
സംഭവുമായി ബന്ധപ്പെട്ട കുറ്റവാളി ആരായാലും രക്ഷപ്പെട്ടുകൂടെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ സംഭവത്തില്‍ മാധ്യമങ്ങളുടെ പ്രതികരണം സ്വാഗതാര്‍ഹമാണ്. പോസിറ്റിവായ നിലപാടാണു മാധ്യമങ്ങള്‍ സ്വീകരിച്ചുകണ്ടത്. ആരോഗ്യകരമായ സമീപനമാണു കേരളം ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നാണു കാണുന്നത്. അക്കാര്യത്തില്‍ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.
വിഷാംശമുള്ളവര്‍ എപ്പോഴും ആ വിഷം ചീറ്റിക്കൊണ്ടിരിക്കും. അത് അവരവരുടെ താത്പര്യത്തിനനുസരിച്ചാണു ചെയ്യുന്നത്. സംഭവത്തില്‍ ഒരു കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവന പൂര്‍ണമായും വര്‍ഗീയ വീക്ഷണത്തോടെയുള്ളതാണ്. ഇതിന്റെ ചുവടുപിടിച്ചോ മറ്റു തരത്തിലോ ഇദ്ദേഹത്തോടൊപ്പമുള്ളവര്‍ വലിയതരത്തിലുള്ള പ്രസ്താവന നല്‍കിയിട്ടുണ്ട്. മന്ത്രിസ്ഥാനത്തിരിക്കുന്നവര്‍ അന്വേഷണ ഏജന്‍സികളോടു സാധാരണരീതിയിലുള്ള ആദരവു കാണിക്കണം. ഫലപ്രദമായ അന്വേഷണം നടക്കുകയാണ്. ഇപ്പോള്‍ കേരള പൊലീസാണു രംഗത്തുള്ളതെങ്കിലും കാര്യങ്ങള്‍ കാണുന്നതിനും അന്വേഷിക്കുന്നതിനും കേന്ദ്ര ഏജന്‍സികളും സ്ഥലത്തെത്തിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടതാണ്. അത്തരമൊരു ഗൗരവമായ സംഭവത്തില്‍ നേരത്തേതന്നെ ഒരു പ്രത്യേക നിലപാടെടുത്തു പ്രത്യേകമായി ചിലരെ ലക്ഷ്യംവച്ചുള്ള പ്രചാരണ രീതികളാണ് ഈയൊരു വിഭാഗം സ്വീകരിച്ചുകാണുന്നത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. അതിനൊപ്പമല്ല കേരളം നില്‍ക്കുന്നത്.
കേരളം എല്ലാ വര്‍ഗീയതയ്ക്കും എതിരായ നിലപാടാണ് എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത്. ഈ സംഭവത്തില്‍ ആരു തെറ്റുചെയ്താലും കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തത്തക്ക രീതിയിലുള്ള അന്വേഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. അത്തരമൊരു ഘട്ടത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ ടാര്‍ഗെറ്റ് ചെയ്യാനും ആക്രമണത്തിനു പ്രത്യേക മാനം കല്‍പ്പിക്കാനും തയാറാകുന്നത് ഏതു വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. അന്വേഷണം നടക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ മനസിലാക്കിയിട്ടാണോ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് അതീവ ഗൗരവമായി കാണണം. ഇത്തരത്തിലുള്ള വര്‍ഗീയ നീക്കങ്ങളുടെ ഭാഗമായി ആരും തെറ്റിദ്ധരിക്കപ്പെടരുത്. ഫലപ്രദവും നിയപരവുമായ ഇടപെടല്‍ ശക്തമായി ഉണ്ടാകും. കുറ്റവാളിയോ കുറ്റവാളികളോ ആരായാലും രക്ഷപ്പെടല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളാണു നീങ്ങുന്നത്. ഇപ്പോള്‍ത്തന്നെ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആ അന്വേഷണത്തിന്റെ ഭാഗമായി ശരിയായ രീതിയില്‍ത്തന്നെ കുറ്റവാളിയേയും കുറ്റവാളികളേയും കണ്ടെത്താന്‍ കഴിയുമെന്നുതന്നെയാണു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.