സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

By Web Desk.08 12 2023

imran-azhar

 

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം.

 

പ്രമേഹ രോഗത്തിന് ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. , കാനത്തിന്റെ ഇടതു കാലിന് അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലിലുണ്ടായ മുറിവുകള്‍ കരിഞ്ഞില്ല. തുടര്‍ന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.

 

1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ വി.കെ.പരമേശ്വരന്‍ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായാണ് ജനനം. എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

 

1969 ല്‍ 19ാം വയസ്സില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റാണ് കാനം സിപിഐ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ എത്തിയത്. കേരളത്തിലെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹിയാണ്.

 

21ാം വയസ്സില്‍ സിപിഐ അംഗമായി. 26ാം വയസ്സില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982 ലും 1987 ലും വാഴൂരില്‍ നിന്ന് നിയമസഭാംഗം. ദേശീയ തലത്തിലും പ്രവര്‍ത്തിച്ചു.

 

2015 ല്‍ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയായത്. 2018 ല്‍ മലപ്പുറത്തു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

 

 

OTHER SECTIONS