ബാബറി മസ്ജിദ് തകര്‍ത്തിന് പിന്നാലെയുണ്ടായ കലാപം; 30 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ പങ്കെടുത്തയാളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.

author-image
anu
New Update
ബാബറി മസ്ജിദ് തകര്‍ത്തിന് പിന്നാലെയുണ്ടായ കലാപം; 30 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ബെംഗളൂരു: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ പങ്കെടുത്തയാളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത് 30 വര്‍ഷത്തിന് ശേഷമാണ് ഹുബ്ബള്ളി ജില്ലയില്‍ നിന്ന് 50കാരനായ ശ്രീകാന്ത് പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സര്‍ക്കാറിനെതിരെ ബിജെപി രംഗത്തെത്തി.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു പ്രവര്‍ത്തകരെ ഭീകരരാക്കി ചിത്രീകരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാന നേതാക്കളുള്‍പ്പെട്ടെ ഹുബ്ബള്ളി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. രാമക്ഷേത്ര സമരത്തില്‍ പങ്കെടുത്ത ഹുബ്ബള്ളിയിലെ രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അയോധ്യയിലെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി ജനം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമയത്ത് രാമക്ഷേത്ര സമരത്തില്‍ പങ്കെടുത്തതിന് വേട്ടയാടപ്പെടുകയാണെന്ന് മുന്‍ മന്ത്രി ആര്‍ അശോക ആരോപിച്ചു.

മംഗളൂരു കുക്കര്‍ ബോംബ് പ്രതികളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അയോധ്യയില്‍ രാമക്ഷേത്രം വന്നത് സഹിക്കാനാകാതെ രാമഭക്തരെ അറസ്റ്റ് ചെയ്യുകയാണെന്ന് അശോക ആരോപിച്ചു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ആളുകളെ ക്ഷണിക്കാന്‍ വിവിധ വീടുകളിലേക്ക് പോകുന്ന രാമഭക്തരെ ഭീഷണിപ്പെടുത്താന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ബിജെപി നേതാവ് മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴില്‍ കര്‍ണാടകയില്‍ ഔറംഗസേബ്, ടിപ്പു സുല്‍ത്താനെപ്പോലുള്ളവരുടെ ഭരണം തിരിച്ചെത്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് അരവിന്ദ് ബെല്ലാഡ് പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ ശ്രമിച്ച 150 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് കമ്മീഷണര്‍ രേണുക സുകുമാര്‍ പറഞ്ഞു.

national news Latest News