/kalakaumudi/media/post_banners/81b95cf44daaf774fdd61d537b0f202c9bcd0c2df383fc73d91c73363e5fbab5.jpg)
ബംഗളൂരു; സർക്കാർ സർവീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ പരീക്ഷാ അതോറിറ്റി ഉദ്യോഗാർത്ഥികളെ ഹിജാബ് ധരിക്കാൻ അനുവദിക്കുമെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ. വിവിധ സർക്കാർ സേവനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകൾ ഒക്ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കെയാണ് പുതിയ തീരുമാനം.
വ്യക്തികൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അവരുടെ അവകാശങ്ങളുടെ ലംഘനമാകുമെന്ന് എം സി സുധാകർ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.കർണാടകയിലെ മുൻ ബിജെപി സർക്കാരിന്റെ നിലപാടിന് തിരിച്ചടിയാണ് ഈ നീക്കം. "സമത്വം, സമ്പൂർണ്ണത, ക്രമസമാധാനം" എന്നിവയെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി 2022 ഫെബ്രുവരിയിൽ, ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.
2021 ഡിസംബറിൽ ഉഡുപ്പിയിലെ ഒരു കോളേജിൽ ശിരോവസ്ത്രം ധരിച്ചതിന് ആറ് പെൺകുട്ടികളെ ക്ലാസുകളിൽ നിന്ന് തടഞ്ഞ സംഭവമാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. തുടർന്ന് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചു.
തുടർന്ന് നിരോധനത്തെ ചോദ്യം ചെയ്ത് പെൺകുട്ടികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു.എന്നാൽ ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കോടതിയുടെ വിധി. ഈ വിധി പിന്നീട് സുപ്രീം കോടതിയിൽ അപ്പീൽ ചെയ്യപ്പെട്ടു. തുടർ നിർദ്ദേശങ്ങൾക്കായി വിഷയം ചീഫ് ജസ്റ്റിസിന് റഫർ ചെയ്യാമെന്ന് രണ്ടംഗ ബെഞ്ച് തീരുമാനിച്ചു.
നിലവിൽ, കേസ് കേൾക്കാൻ സുപ്രീം കോടതി ഇതുവരെ ഒരു ബെഞ്ച് രൂപീകരിച്ചിട്ടില്ല. മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി വിജയിച്ചതിനെ തുടർന്ന് നിരോധനം പിൻവലിക്കുമെന്ന് പാർട്ടിയുടെ ഏക മുസ്ലീം വനിതാ എംഎൽഎ കനീസ് ഫാത്തിമ പറഞ്ഞിരുന്നു.