കരുവന്നൂര്‍ തട്ടിപ്പ് കേസ്; അന്വേഷണം അനിശ്ചിതമായി നീട്ടരുതെന്ന് ഹൈക്കോടതി

തൃശൂരിലെ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ അന്വേഷണം അനിശ്ചിതമായി നീട്ടരുതെന്ന് ഇഡിയോട് ഹൈക്കോടതി.

author-image
anu
New Update
കരുവന്നൂര്‍ തട്ടിപ്പ് കേസ്; അന്വേഷണം അനിശ്ചിതമായി നീട്ടരുതെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂരിലെ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ അന്വേഷണം അനിശ്ചിതമായി നീട്ടരുതെന്ന് ഇഡിയോട് ഹൈക്കോടതി. കരവന്നൂരിലെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും സഹകരണസംഘങ്ങള്‍ കോടീശ്വരമാര്‍ക്കുള്ളതല്ല, സാധാരണക്കാര്‍ക്കുള്ളതാണെന്നും കോടതി വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം എവിടെവരെയായെന്ന് ഇഡിയോട് കോടതി ആരാഞ്ഞു. അന്വേഷണം തുടരുന്നുവെന്നായിരുന്നു ഇഡിയുടെ മറുപടി. ഇതോടെയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചത്. സാധാരണക്കാര്‍ കഠിനാധ്വാനം ചെയ്ത് നിക്ഷേപിക്കുന്ന പണമാണിവിടെയുള്ളത്. എന്നാല്‍, ഇന്ന് ഈ പണം നഷ്ടമാകുന്ന സ്ഥിതിയുണ്ട്. ഇതിലൂടെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയമാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തൊക്കെ കാര്യങ്ങള്‍ ഇനി അന്വേഷിക്കാനുണ്ട്, ആരെയൊക്കെ വിളിച്ചുവരുത്താനുണ്ട് എന്നീ കാര്യങ്ങളടക്കം കോടതിയെ ഇഡി അറിയിക്കും.

നിലവില്‍ 54ഓളം പേരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇഡി കോടതിയില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഇതില്‍ നാലുപേരെ അറസ്റ്റുചെയ്തു. ഇപ്പോള്‍ നടക്കുന്ന രണ്ടംഘട്ട അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍പേരെ ചോദ്യംചെയ്യാനുണ്ട്. നേരത്തെ പലര്‍ക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസും നല്‍കിയിരുന്നു.

 

Latest News kerala news