/kalakaumudi/media/post_banners/b8a3e0a3ee3eec51c8efe4ff1419e5a9a9569e32eeab4daa50ddf453a4528c95.jpg)
തിരുവനന്തപുരം: ഗതാഗത വകുപ്പ് അടിമുടി നവീകരിക്കുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊതുഗതാഗതത്തെ മെച്ചപ്പെടുത്താന്‍ മനസില്‍ ഒരു ആശയമുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആശയം അംഗീകരിച്ചാല്‍ കേരളത്തിലെ മുക്കിലും മുലയിലും ജനങ്ങള്‍ക്ക് വണ്ടി കിട്ടുന്ന ഒരു പുതിയ സംവിധാനം കൊണ്ടുവരുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതെസമയം കെഎസ്ആർടിസിയിൽ യൂണിയനുകൾ ഭരിക്കില്ലെന്നും കോർപ്പറേഷനെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ചോർച്ചകൾ അടയ്ക്കാനും ദുർചിലവുകൾ അവസാനിപ്പിക്കാനും ശ്രമം നടത്തും. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും. തൊഴിലാളികൾ ജോലി ചെയ്യും, ഭരണം എംഡി നോക്കും. തൊഴിലാളി വിഷയങ്ങളിൽ സ്നേഹത്തോടെ ഇടപെടൽ ഉണ്ടാകുമെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.
അസാധ്യമായി ഒന്നുമില്ലെന്ന് പറഞ്ഞ കെ ബി ഗണേഷ് കുമാര്‍, തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ടു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ഉദ്ഘാടനങ്ങള്‍ക്കും മറ്റും പോകില്ല.
ശ്രദ്ധ മുഴുവന്‍ വകുപ്പ് മെച്ചപ്പെടുത്തുന്ന കാര്യങ്ങളിലായിരിക്കും അത്തരം കാര്യങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം സിനിമയില്‍ അഭിനയിക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
2001 മുതല്‍ പത്തനാപുരത്തിന്‍റെ പ്രതിനിധിയായിരുന്നു കെ ബി ഗണേഷ് കുമാര്‍. 2001 ല്‍ എ കെ ആന്‍റണി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് 22 മാസങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നി വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.