
തിരുവനന്തപുരം: കളമശ്ശേരിയിലെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് പേരുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനഹായം പ്രഖ്യാപിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് പണം നല്‍കുക. സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും.
ഒക്ടോബര്‍ 29-നാണ് കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമനിക് മാര്‍ട്ടിന്‍ അന്നുതന്നെ കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. സ്ഫോടനം നടത്തിയതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് ഡൊമനിക് മാര്‍ട്ടിന്‍ പോലീസിന് മുന്നിലെത്തിയത്.
16 വര്‍ഷം താന്‍ യഹോവ സാക്ഷികള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും പിന്നീട് അവിടം വിട്ടുവെന്നും പ്രതി പറഞ്ഞു. യഹോവ സാക്ഷികള്‍ പഠിപ്പിക്കുന്നത് രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും അത് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തതിനാലാണ് ബോംബ് വച്ചതെന്നും മാര്‍ട്ടിന്‍ പറഞ്ഞിരുന്നു.