കേരള ഹൈക്കോടതി ബഫര്‍ സോണിലെന്ന് സംസ്ഥാന സര്‍ക്കാര്‍; ഹൈക്കോടതി കെട്ടിടത്തിന് മാറ്റമുണ്ടാകില്ലെന്ന് സുപ്രീം കോടതി

കേരള ഹൈക്കോടതി കെട്ടിടത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ബഫര്‍ സോണ്‍ ഉത്തരവിന്റെ പേരില്‍ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തെ കുറിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

author-image
Web Desk
New Update
 കേരള ഹൈക്കോടതി ബഫര്‍ സോണിലെന്ന് സംസ്ഥാന സര്‍ക്കാര്‍; ഹൈക്കോടതി കെട്ടിടത്തിന് മാറ്റമുണ്ടാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരള ഹൈക്കോടതി കെട്ടിടത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ബഫര്‍ സോണ്‍ ഉത്തരവിന്റെ പേരില്‍ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തെ കുറിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി 2022 ജൂണില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കേരളം നല്‍കിയ പുന:പരിശോധന ഹര്‍ജി ചൊവ്വാഴ്ച പരിഗണിച്ചപ്പോഴായിരുന്നു സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പുന:പരിശോധന ഹര്‍ജി അംഗീകരിച്ച് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ സുപ്രീം കോടതി ഹര്‍ജി തീര്‍പ്പാക്കി. മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ കേരള ഹൈക്കോടതി പോലും സ്ഥിതി ചെയ്യുന്നത് ബഫര്‍ സോണിലായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടിയത്.

ഇതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. ബഫര്‍ സോണിലാണെങ്കില്‍ പോലും ഹൈക്കോടതി കെട്ടിടത്തിന് ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അനിരുദ്ധ ബോസ് വ്യക്തമാക്കിയത്. ബഫര്‍ സോണില്‍ ഏതൊക്കെ കെട്ടിടങ്ങളാണ് നിലനിര്‍ത്തേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.ആര്‍. ഗവായിയും ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ജാമുവാരാംഗാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ബഫര്‍ സോണ്‍ നിര്‍ബ്ബന്ധമാക്കിയ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.

സുപ്രീം കോടതിയുടെ ഈ ഉത്തരവ് പിന്നീട് സുപ്രീം കോടതി തന്നെ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും തങ്ങളുടെ ആശങ്കകളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയെ അറിയിച്ചു. കേരളത്തിന്റെ ഈ അറിയിപ്പ് രേഖപ്പെടുത്തി പുന:പരിശോധന ഹര്‍ജി അംഗീകരിച്ചു കൊണ്ട് ബെഞ്ച് തീര്‍പ്പാക്കുകയായിരുന്നു.

 

kerala india kerala high court Supreme Court