ഗൂഗിള്‍മാപ്പിനും വഴിതെറ്റാം; മുന്നറിയിപ്പുമായി കേരളാ പൊലീസ്

By Greeshma Rakesh.02 10 2023

imran-azhar

 


കൊച്ചി: എറണാകുളത്ത് രണ്ട് യുവ ഡോക്ടര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിനു പിന്നാലെ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഗൂഗിള്‍ മാപ്പിലെ വഴികള്‍ കൃത്യമല്ല. അതിനു തെളിവാണ് മാപ്പ് ഇപയോഗിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍.

 

മാത്രമല്ല ഗൂഗിള്‍ മാപ്പില്‍ ഏറ്റവുമധികം അപകടങ്ങള്‍ മഴക്കാലത്താണെന്നും കേരള പൊലീസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. വഴികള്‍ അന്വേഷിക്കാന്‍ ലാന്‍ഡ്മാര്‍ക്കുകളും മറ്റു അടയാളങ്ങളും നോക്കുന്നതിനു പകരം യാത്രക്കാര്‍ ഇപ്പോള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പിനെയാണ്.

 

ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍


• പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.

 

• ഗതാഗതംകുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പില്‍ എളുപ്പമെത്തുന്ന വഴിയായി ചിലപ്പോള്‍ കാണിക്കാറുണ്ട്. എന്നാല്‍, തിരക്കുകുറവുള്ള റോഡുകള്‍ സുരക്ഷിതമാകണമെന്നില്ല, പ്രത്യേകിച്ച് മഴക്കാലത്ത്.

 

• തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിവീണും യാത്ര സാധ്യമല്ലാത്ത റോഡുകളും ഗൂഗിള്‍ മാപ്പ് കാണിച്ചേക്കാം. വീതികുറഞ്ഞതും സുഗമസഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങള്‍നിറഞ്ഞ റോഡുകളിലൂടെയും നയിച്ചേക്കാം. ഇത്തരം റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

 

• രാത്രി ജി.പി.എസ്. സിഗ്നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴിതെറ്റാനിടയുണ്ട്. ഇത്തരം റൂട്ടുകളില്‍ നേരത്തേത്തന്നെ റൂട്ട് സേവ് ചെയ്യാം.

 

• മാപ്പില്‍ യാത്രാരീതി സെലക്ട് ചെയ്യാന്‍ മറക്കരുത്. ബൈക്ക് പോകുന്ന വഴി നാലുചക്രവാഹനം പോകില്ല. ഇക്കാരണംകൊണ്ടുതന്നെ വഴിതെറ്റാം.

 

• ഒരുസ്ഥലത്തേക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകും. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് അറിയാവുന്ന ഒരുസ്ഥലം 'ആഡ് സ്റ്റോപ്പ്' ആയി നല്‍കിയാല്‍ വഴിതെറ്റുന്നത് ഒഴിവാക്കാം. വഴിതെറ്റിയാല്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരുവഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചുതരിക. ഈവഴി നാലുചക്രവാഹനം അല്ലെങ്കില്‍ വലിയവാഹനങ്ങള്‍ പോകണമെന്നില്ല.

 

• ഗതാഗതതടസ്സം ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ 'കോണ്‍ട്രിബ്യൂട്ട്' എന്ന ഓപ്ഷന്‍വഴി റിപ്പോര്‍ട്ടുചെയ്യാം. ഇവിടെ ഗൂഗിള്‍ മാപ്പ് ഇക്കാര്യം പരിഗണിക്കും. പിന്നീട് ആ വഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും.

 

• അത്യാവശ്യം വന്നാല്‍ 112 എന്ന പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കണം.

 

OTHER SECTIONS