/kalakaumudi/media/post_banners/3d9f6e8abb9f026c5bfc9f01db805384ecd86f9c889fac22d6b342e67150f0e3.jpg)
തിരുവനന്തപുരം: കേരളത്തിലെ റോഡുകള്‍ തകരുന്നതിന് കാരണം കരിങ്കല്ലിലെ അസിഡിറ്റി (അമ്ലത്വം) എന്ന് പുതിയ പഠനം. കേരള ഹൈവേ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (കെഎച്ച്ആര്‍ഐ) ഫ്‌ലെക്‌സിബിള്‍ പേവ്‌മെന്റ് ഡിവിഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. റോഡ് നിര്‍മാണത്തില്‍ നിശ്ചിത അളവില്‍ ചുണ്ണാമ്പ് പൊടി, സിമന്റ് തുടങ്ങിയവ ബിറ്റുമിനസ് മിശ്രിതത്തിലേക്കു ചേര്‍ത്ത് ഉപയോഗിച്ചാല്‍ മെറ്റലിന്റെ അമ്ല സ്വഭാവം കുറയ്ക്കാന്‍ കഴിയുമെന്ന് പഠനത്തില്‍ കണ്ടെത്തി.
മെറ്റലിലെ അമ്ല സാന്നിധ്യം കാരണം മെറ്റലുമായി ചേര്‍ക്കുന്ന ബിറ്റുമിനസ് മിശ്രിതത്തെക്കാള്‍ ആകര്‍ഷണം വെള്ളത്തോട് ഉണ്ടാകുന്നു. ഇതാണ് ടാര്‍ ഇളകി മെറ്റല്‍ വേര്‍പെട്ട് റോഡ് തകരാന്‍ കാരണമെന്നാണ് പഠനത്തില്‍ പറയുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്വാറികളില്‍ നിന്നു ശേഖരിച്ച കരിങ്കല്ലായിരുന്നു പഠനത്തിനായി ഉപയോഗിച്ചത്. കേരളത്തില്‍ റോഡ് നിര്‍മാണത്തിനുപയോഗിക്കുന്ന പശ്ചിമ ഘട്ടത്തിലെ പാറകളില്‍ പൊതുവേ കൂടിയ അളവില്‍ സിലിക്ക അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. ഇതാണ് മെറ്റലിന്റെ അമ്ല സ്വഭാവത്തിനു കാരണം.
കാലാവസ്ഥാ വ്യതിയാനം മൂലം റോഡുകള്‍ തകരുന്നതിനെക്കുറിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് വെള്ളിയാഴ്ച മന്ത്രി പ്രകാശനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് നിര്‍മാണത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് എന്‍ജിനീയര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.