കെ. എസ്. ആർ.ടി.സിയിൽ വീണ്ടും കാക്കി യൂണിഫോം; മാറ്റം എട്ടുവർഷത്തിനു ശേഷം

വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച് കെ.എസ്.ആർ.ടി,​സി എം.ഡി ബിജു പ്രഭാകർ ഉത്തരവിറക്കി. എട്ടു വർഷത്തിനുശേഷമാണ് മാറ്റം.

author-image
Greeshma Rakesh
New Update
കെ. എസ്. ആർ.ടി.സിയിൽ വീണ്ടും കാക്കി യൂണിഫോം; മാറ്റം എട്ടുവർഷത്തിനു ശേഷം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേയ്ക്ക് മാറുന്നു. നിലവിൽ നീലയാണ് യൂണിഫോമിന്റെ നിറം. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച് കെ.എസ്.ആർ.ടി,സി എം.ഡി ബിജു പ്രഭാകർ ഉത്തരവിറക്കി. എട്ടു വർഷത്തിനുശേഷമാണ് മാറ്റം.

ഇനിമുതൽ ഡ്രൈവർക്കും കണ്ടക്ടർക്കും കാക്കി നിറത്തിലുള്ള പാന്റ്‌സും, ഒരു പോക്കറ്റുളള ഹാഫ്‌ സ്ലീവ് ഷർട്ടുമാണ് യൂണിഫോം. വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ്‌ ഓവർകോട്ടുമായിരിക്കും. സ്റ്റേഷൻ മാസ്റ്റർ തസ്തികയിലുള്ളവർക്കും കാക്കി പാന്റ്‌സും, ഹാഫ്‌ സ്ലീവ് ഷർട്ടുമാണ് വേഷം. എന്നാൽ, ഇവർക്ക് നെയിം ബോർഡും, ഷോൾഡർ ഫ്ലാപ്പിൽ കാറ്റഗറിയും രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഇൻസ്പെക്ടർമാർക്ക് കാക്കി സഫാരി സ്യൂട്ടാണ് യൂണിഫോം.ഹെഡ് വെഹിക്കിൾ സൂപ്പർവെെസർക്ക് കാക്കി പാന്റ്സും ഫുൾ സ്ലീവ് ഷർട്ടുമായിരിക്കും.അതെസമയം മെക്കാനിക്, പമ്പ് ഓപ്പറേറ്റർ, ടയർ ഇൻസ്‌പെക്ടർ, ടയർ റീ-ട്രേഡർ,സ്റ്റോർ സ്റ്റാഫ് ഗ്രേ നിറത്തിൽ നിന്ന് നീലയാക്കി.

പുരുഷൻമാർ നേവി ബ്ലൂ പാന്റ്സും ഹാഫ് സ്ലീവ് ഷർട്ടും. വനിതകൾ നേവി ബ്ലൂ സാരിയോ ചുരിദാറോ ധരിക്കാം.തൊഴിലാളി സംഘടനകളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പരിഷ്കാരം.യൂണിയനുകൾ ഇക്കാര്യമാവശ്യപ്പെട്ട് 2022-ൽ മാനേജ്മെന്റിനെ സമീപിച്ചിരുന്നു. പുതുവർഷം മുതൽ കാക്കി യൂണിഫോമായിരിക്കും കെ.എസ്.ആർ.ടി.സി ജീവനക്കാർ ഉപയോഗിക്കുക എന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്യൂൺ വിഭാഗം ജീവനക്കാരെ യൂണിഫോമിൽ നിന്ന് ഒഴിവാക്കി. ഒരു ജീവനക്കാരന് രണ്ടു ജോഡി യൂണിഫോമിനുള്ള തുണി അനുവദിക്കും. സ്റ്റിച്ചിംഗ് പാറ്റേൺ സംബന്ധിച്ച നിർദ്ദേശം പിന്നീട് നൽകും. യൂണിഫോമിൽ ഭേദഗതി വരുത്തിയിട്ടില്ലാത്ത വിഭാഗങ്ങൾ നിലവിലെ യൂണിഫോം തുടരണം.

മുപ്പത് വർഷത്തിൽ കൂടുതലായി ഉപയോഗിച്ച് വന്നിരുന്ന കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണലിസവും കൊണ്ടുവരാനുള്ള മാറ്റത്തിന്റെ ഭാഗമായിരുന്നു യൂണിഫോമിന്റെ നിറത്തിൽ കൊണ്ടുവന്ന മാറ്റവും.

ഇതിന്റെ ഭാഗമായി കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും യൂണിഫോം നീല ഷർട്ടും കടും നീല പാന്റാക്കി. മെക്കാനിക്കൽ ജീവനക്കാർക്ക് ചാര നിറം. ഇൻസ്പെക്ടർമാരുടേത് മങ്ങിയ വെള്ള ഷർട്ടും കറുത്ത പാന്റുമായിരുന്നു യൂണിഫോം.

kerala ksrtc KSRTC Bus khaki uniform