കേരള തനിമയിൽ കൊച്ചി മെട്രോ ത‍ൃപ്പൂണിത്തുറ ടെർമിനൽ; നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊൽക്കത്തയിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് സ്റ്റേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്. ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരുമുൾപ്പെ‌ടെ നിരവധി പേർ പങ്കെ‌‌ടുത്തു

author-image
Greeshma Rakesh
New Update
കേരള തനിമയിൽ കൊച്ചി മെട്രോ ത‍ൃപ്പൂണിത്തുറ ടെർമിനൽ; നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

എറണാകുളം: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ ത‍ൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് സ്റ്റേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്.

ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരുമുൾപ്പെ‌ടെ നിരവധി പേർ പങ്കെ‌‌ടുത്തു.
റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന തൃപ്പൂണിത്തുറ ടെർമിനൽ ദീർഘദൂര യാത്രക്കാർക്കും പ്രയോജനകരമാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു.

ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. 7,377കോടി രൂപയാണ് ആകെ നിർമ്മാണ ചെലവ്.

കേരള തനിമ പ്രകടമാകും വിധത്തിലാണ് സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. വിവിധ നൃത്തരൂപങ്ങളുടെ ശിൽപങ്ങൾ ഉൾപ്പെ‌ടുത്തിയുള്ള ഡാൻസ് മ്യൂസിയവും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ഈ ഡാൻസ് മ്യൂസിയം ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

ഉദ്ഘാടനത്തിന് ശേഷം ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെട്ടു. ‌‌ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷമാണ് പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കുക.മന്ത്രി പി രാജീവ്, എംപി ഹൈബി ഈഡൻ, എംഎൽഎ കെ ബാബു, ജില്ലാ കലക്ടർ എൻഎസ്‌കെ ഉമേഷ്, കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ernakulam PM Narendra Modi kochi metro Kochi Metro thrippunithura