/kalakaumudi/media/post_banners/ce160eda358d662c693f22ba22b4d9c314b28222f547f7df5856044b8b5a0889.jpg)
കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന യുവതി നഴ്സിങ് കെയര്‍ടേക്കര്‍ ആണെന്ന് സംശയം. യുവതി നഴ്സിങ് റിക്രൂട്ട്മെന്റ് ചതിയില്‍പ്പെട്ടയാളാണെന്നും പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
തട്ടിക്കൊണ്ടുപോയ അബിഗേല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം മൂന്നു രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.
ഇതില്‍ ഒരാള്‍ നഴ്സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കേസ് അന്വേഷണത്തിന്റെ ആദ്യം തന്നെ സാമ്പത്തിക തട്ടിപ്പ്, നഴ്സിങ് മേഖലയിലെ റിക്രൂട്ട്മെന്റുകള്‍ തുടങ്ങിയവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു.
നഴ്സിങ് തട്ടിപ്പിന്റെ വിരോധം തീര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു.
കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാ ഫലവും പൊലീസിന് ഇന്ന് ലഭിച്ചേക്കും.