/kalakaumudi/media/post_banners/4f2587a48f42e3f05e7ce82195016152c52b526c026d6483746665a8c0544f05.jpg)
കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവും അറസ്റ്റില്‍. മാമ്പള്ളികുന്നം കവിതരാജില്‍ കെ ആര്‍ പത്മകുമാര്‍( 52), ഭാര്യ എം ആര്‍ അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തെങ്കാശിയില്‍ വെച്ചാണ് ഇവരെ പൊലീസ് ഇന്നലെ പിടികൂടിയത്. പ്രതികളെ എ ആര്‍ ക്യാമ്പില്‍ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുകൊണ്ട് പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാന്‍ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം.
ലോണ്‍ ആപ്പില്‍ നിന്ന് പദ്മകുമാര്‍ വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാര്‍ഡ് വഴിയും പണമിടപാട് നടത്തി.ഈ വായ്പകളെല്ലാം തീര്‍ക്കാനുള്ള പണത്തിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നു സഹോദരന്റെ കൈയില്‍ പദ്മകുമാറും സംഘവും ഭീഷണി കത്ത് നല്‍കിയിരുന്നു.
പണം നല്‍കിയാല്‍ കുട്ടിയെ വിട്ടുനല്‍കുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാല്‍ സഹോദരന്‍ കുറിപ്പ് വാങ്ങിയില്ല. കുറിപ്പ് കാറിനുള്ളില്‍ തന്നെ വീണു.
പിന്നീട് കുട്ടിയെ താമസിപ്പിക്കുന്ന സ്ഥലത്തെത്തി ടിവി വെച്ചപ്പോഴേക്കും സംഭവം എല്ലാവരും അറിഞ്ഞതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്.