ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുറ്റപത്രം വ്യാഴാഴ്ച സമർപ്പിക്കും

സാമ്പത്തികനേട്ടം ലക്ഷ്യമിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായും ആയിരത്തിലേറെ പേജുള്ള കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം.

author-image
Greeshma Rakesh
New Update
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുറ്റപത്രം വ്യാഴാഴ്ച സമർപ്പിക്കും

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ക്രൈം ബ്രാഞ്ച് വ്യാഴാഴ്ച കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസിന്‍റെ നേതൃത്വത്തിൽ 13 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), രണ്ടാംപ്രതി ഭാര്യ എം.ആർ. അനിതകുമാരി (45), മൂന്നാംപ്രതി മകൾ പി. അനുപമ (20) എന്നിവരാണ് കേസിൽ പ്രതികൾ. കേസിൽ ഇവരെ കൂടാതെ മറ്റ് പ്രതികളില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. നിലവിൽ പത്മകുമാർ പൂജപ്പുര സെന്റർ ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണുള്ളത്.

സാമ്പത്തികനേട്ടം ലക്ഷ്യമിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായും ആയിരത്തിലേറെ പേജുള്ള കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം.മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.തട്ടിക്കൊണ്ടുപോയ ശേഷം രക്ഷപ്പെടാനുള്ള റോഡുകളുടെ മാപ്പ് ഉൾപ്പെടെ പ്രതികൾ തയാറാക്കിയിരുന്നെന്നും പൊലീസ് പറയുന്നു.

കുട്ടിയുടെ സഹോദരനാണ് സംഭവത്തിന്‍റെ ദൃക്‌സാക്ഷി. നൂറിലധികം പേരാണ് സാക്ഷി പട്ടികയിൽ ഇടം നേടിയത്. ശാസ്ത്രീയ തെളിവുകളാണ് കേസിൽ അധികമുള്ളത്. ലാപ്ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമായി സമർപ്പിക്കും.

നവംബർ 27ന് വൈകീട്ടാണ് ട്യൂഷൻ കഴിഞ്ഞ് സഹോദരനോടൊപ്പം വരുന്ന വഴി ആറ് വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

തൊട്ടടുത്ത ദിവസം ഉച്ചയോടെ കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.പിന്നീടുള്ള അന്വേഷണത്തിലാണ് തമിഴ്‌നാട് തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്ന് പ്രതികളെ പിടികൂടിയത്.

kollam crime branch oyoor kidnap case chargesheet