/kalakaumudi/media/post_banners/c66ecc4625657723da8d60f9dc7e4fe874283eff34266955574b2de32f3e13c6.jpg)
കരുനാഗപ്പള്ളി (കൊല്ലം); യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഒതുക്കി നിര്‍ത്തി ഡ്രൈവര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് ടി.എം.പരീത് (49) ആണു മരിച്ചത്.
തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോയി മടങ്ങി വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവറാണ് മരണപ്പെട്ടത്. കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കില്‍ എത്തിയപ്പോഴാണ് പരീതിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹം ബസ് ഒതുക്കി നിര്‍ത്തുകയായിരുന്നു.
കുഴഞ്ഞു വീണ ഇദ്ദേഹത്തെ കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കം നടത്തി. ഭാര്യ: നിഷ, മക്കള്‍: മെഹ്റൂഫ്, മെഹ്ഫിര്‍.