/kalakaumudi/media/post_banners/fb8c30fc49fffb366cab9f7302045daf89b4db7026c00cac2882f875d8d20e47.jpg)
തിരുവനന്തപുരം: കെഎസ്ഡിഎഫ്സിയുടെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കെഎസ്ആര്‍ടിസി അല്ല ഉത്തരവാദിയെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. കെടിഡിഎഫ്സിക്ക് കെഎസ് ആര്‍ടിസിയില്‍ നിന്ന് പണം ലഭിക്കാത്തത് കൊണ്ടാണ് നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാത്തത് എന്ന തരത്തിലുള്ള എന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമായി ഉണ്ടായ പ്രതിസന്ധിയാണ്. അതിനു ഇന്നത്തെ സര്‍ക്കാരോ ഇന്നത്തെ കെടിഡിഎഫ്സി മാനേജ്‌മെന്റോ കെഎസ്ആര്‍ടിസി മാനേജ്‌മെന്റോ ഉത്തരവാദികളല്ല.
കെഎസ്ആര്‍ടിസിക്ക് കാലാകാലങ്ങളായി സര്‍ക്കാര്‍ നേരിട്ട് പണം തരുന്നതിന് പകരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബസ് വാങ്ങാനും ശമ്പളത്തിനും വരെ ഭീമമായ പലിശക്ക് കെടിഡിഎഫ്സിയില്‍ നിന്ന് തുക കടം കൊടുത്തത് കൊണ്ട് ഉണ്ടായ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.
ലോകത്ത് ഒരു സ്ഥലത്തും പൊതു ഗതാഗതം ലാഭകരമല്ല. നഷ്ടം ഉണ്ടാക്കികൊണ്ടിരുന്ന ഒരു സ്ഥാപനത്തിന് 16.5% പലിശയില്‍ കടം കൊടുക്കുമ്പോള്‍, ഈ സ്ഥാപനത്തിന് തിരിച്ചടവിനുള്ള കഴിവുണ്ടോ എന്ന് നോക്കിയില്ല. സഹകരണ ബാങ്കില്‍ സാധാരണ ജനങ്ങള്‍ നിക്ഷേപിച്ചിരുന്ന തുക പോലും അതിനേക്കാള്‍ ഉയര്‍ന്ന തുക പലിശ ഇനത്തില്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് കെടിഡിഎഫ്സിയിലേക്ക് നിക്ഷേപമായി സ്വീകരിക്കുകയും അത് അതിനേക്കാള്‍ ഉയര്‍ന്ന പലിശക്ക് നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് 16.5% പലിശക്കു കൊടുത്തു. കെഎസ്ആര്‍ടിസി അത് ഉപയോഗിച്ച് 20 % അല്ലെങ്കില്‍ 16.5% പലിശയില്‍ കൂടുതല്‍ ഉണ്ടാക്കി തിരിച്ചടയ്ക്കുന്നത് പ്രയോഗികമല്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാര്‍ ലോണ്‍ പുനഃക്രമീകരണം മുഖേനെ കെടിഡിഎഫ്സിയുടെ കടം ബാങ്ക് കണ്‍സോര്‍ഷ്യത്തിലേക്കു മാറ്റിയതിനാല്‍ ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധിയുടെ കാഠിന്യം കുറഞ്ഞുവെന്നും സിഎംഡി വ്യക്തമാക്കി.
കെടിഡിഎഫ്സിയില്‍ നിന്ന് എടുത്ത ലോണ്‍ തുക കെഎസ്ആര്‍ടിസി തിരിച്ചടക്കണമെന്ന വാദം യുക്തിക്കു നിരക്കാത്തതാണ്. കെടിഡിഎഫ്സിയില്‍ ഉണ്ടാകുന്ന പ്രതിസന്ധിക്കു കെഎസ്ആര്‍ടിസി മാനേജ്മെന്റോ ജീവനക്കാരോ യാതൊരു തരത്തിലും ഉത്തരവാദികളല്ല. കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് നാല് കൊമേഴ്സ്യല്‍ കോപ്ലക്സുകള്‍ കെടിഡിഎഫ്സി ബൂട്ട് (BOOT) അടിസ്ഥാനത്തില്‍ നടത്താന്‍ ഗവണ്മെന്റ് അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍, അതില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് 50%- 50% വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അത് പ്രകാരം ഇതുവരെ കെഎസ്ആര്‍ടിസിക്ക് ലഭിച്ച വാടക 3.01 കോടി രൂപ ആണ്. ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് വാടക ഇനത്തില്‍ 50 കോടിയോളം ഇങ്ങോട്ടു ലഭിക്കാനുണ്ട്. ഈ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ തന്നെ പലതിലും വിജിലന്‍സ് കേസുകളുണ്ടായിട്ടുണ്ട്. നിര്‍മാണ വൈകല്യങ്ങള്‍ ഉണ്ട്. കെഎസ്ആര്‍ടിസി യാത്രക്കാരുടെ കൂടി സൗകര്യങ്ങള്‍ കണക്കിലെടുത്ത് നിര്‍മിക്കേണ്ട കെട്ടിടങ്ങളില്‍ യാത്രക്കാര്‍ക്ക് അതു പാലിച്ചില്ലെന്നും സിഎംഡി പറയുന്നു.
നഗരത്തിന്റെയും ഏറ്റവും ഹൃദയഭാഗത്തുള്ള ഈ കെട്ടിടത്തിന് മാര്‍ക്കറ്റ് അടിസ്ഥാനത്തിലുള്ള വാടക പോലും ലഭിക്കാതെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥലത്തിന്റെ വസ്തുവിന്റെ അവകാശം കെഎസ്ആര്‍ടിസിക്കും കെട്ടിടത്തിന്റെ അവകാശം കെടിഡിഎഫ്സിക്കുമാണ്. അതുകാരണം ആര്‍ക്കും പ്രയോജനം ഇല്ല. ഇതുവരെ ഗവണ്മെന്റ് ഉത്തരവില്‍ പറയുന്ന പോലെ ഒരു എഗ്രിമെന്റും രണ്ടു സ്ഥാപനങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയിട്ടില്ല. കോഴിക്കോട്ടെ കെട്ടിടത്തിന് കഴിഞ്ഞ 8 വര്‍ഷമായി വരുമാനമുണ്ടാക്കാന്‍ കെടിഡിഎഫ്സിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ സിഎംഡി ഡോ. അശോക് ഐഎഎസ് മുന്‍കൈ എടുത്തതുകൊണ്ടു മാത്രം കോഴിക്കോട് കെട്ടിടം വാടകക്ക് നല്കാന്‍ കഴിഞ്ഞു. എന്നാല്‍ നിര്‍മാണത്തിലെ അപാകത കാരണം കെട്ടിടം രണ്ടു വര്‍ഷമായിട്ടും കൈമാറാന്‍ സാധിച്ചിട്ടില്ല. അത് പരിഹരിക്കാന്‍ ഇനി 30 കോടി രൂപ കൂടി കണ്ടെത്തണം.
തിരുവനന്തപുരത്ത് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കുകയും അത് അനുസിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ അങ്ങോട്ട് വാടകക്ക് മാറ്റിയത് കൊണ്ടാണ് അവിടെ മുഴുവന്‍ സ്ഥലത്തും ഓഫീസുകളായത്. ഇത്രയും വാണിജ്യപരമായി പ്രാധാന്യമുള്ള സ്ഥലത്ത് എന്ത് കൊണ്ട് കെട്ടിടങ്ങള്‍ വാടകയ്ക്ക് പോകുന്നില്ല. കെട്ടിടങ്ങള്‍ പിപിപി മോഡലില്‍ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഇതെല്ലാം നല്ല സമുച്ഛയങ്ങളായി മാറിയേനെ. ഈ പാളിച്ചകള്‍ക്കൊന്നും കെഎസ്ആര്‍ടിസി ഉത്തരവാദി അല്ല. എന്നിട്ടും കെഎസ്ആര്‍ടിസിയെ ആണ് പ്രതി സ്ഥാനത്ത് നിര്‍ത്തുന്നതെന്നും സിഎംഡി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ഗ്യാരന്റി ഉള്ളത് കൊണ്ട് തന്നെ രാമകൃഷ്ണ മിഷന് അവര്‍ ചോദിച്ചപ്പോള്‍ 55 കോടി രൂപ കൊടുത്തു. അത് കെഎസ്ആര്‍ടിസി അല്ല കൊടുത്തത്, സര്‍ക്കാര്‍ തന്നെയാണ് പണം കൊടുത്തത്. കെഎസ്ആര്‍ടിസിയുടെ ഹെഡ് ഒഫ് അക്കൗണ്ടില്‍ നിന്നും കെഎസ്ആര്‍ടിസിയ്ക്ക് ലോണ്‍ എന്ന കണക്കില്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പണം തിരികെ കൊടുത്തത്. മറ്റു നിക്ഷേപകരുടെ ആവശ്യം ഗവണ്മെന്റ് പരിശോധിച്ചു വരുന്നതിനിടെയാണ് ചിലര്‍ കോടതിയില്‍ പോയത്.
കെഎസ്ആര്‍ടിസിയെ എല്ലാത്തിനും കുറ്റം പറയുന്നതിനു മുന്‍പ് ഈ വസ്തുതകള്‍ മനസിലാക്കണം. നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരന്റിയുള്ളത് കൊണ്ട് സര്‍ക്കാര്‍ തുക മടക്കി നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള ചര്‍ച്ച സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണ്. ഇതാണ് വസ്തുത എന്ന് വ്യക്തമാക്കാനാണ് ഈ പ്രസ്താവനയെന്നും ബിജു പ്രഭാകര്‍ പത്രക്കുറിപ്പില്‍ പറയുന്നു.