സംഘര്‍ഷഭരിതമായി തലസ്ഥാനം; കെ എസ് യു മാര്‍ച്ചിന് നേരെ ജലപീരങ്കി

തലസ്ഥാനത്ത് കെ എസ് യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഡിജിപി ഓഫീസിലേക്ക് നടത്തിയ കെ എസ് യു മാര്‍ച്ചിലാണ് സംഘര്‍ഷം.

author-image
anu
New Update
സംഘര്‍ഷഭരിതമായി തലസ്ഥാനം; കെ എസ് യു മാര്‍ച്ചിന് നേരെ ജലപീരങ്കി

തിരുവനന്തപുരം: തലസ്ഥാനത്ത് കെ എസ് യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഡിജിപി ഓഫീസിലേക്ക് നടത്തിയ കെ എസ് യു മാര്‍ച്ചിലാണ് സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മാര്‍ച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പ്രതിഷേധത്തിനിടെ പൊലീസുകാര്‍ക്കുനേരെ പ്രവര്‍ത്തകര്‍ മുളകുപൊടി പ്രയോഗിച്ചു. പൊലീസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പൊലീസിന്റെ ലാത്തിചാര്‍ജില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ പ്രവര്‍ത്തകരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പ്രകോപനമൊന്നുമില്ലാതെയാണ് പൊലീസ് ലാത്തിചാര്‍ജ് ആരംഭിച്ചതെന്ന് കെഎസ് യു പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറിയതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. കെപിസിസി ഓഫിസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത് കൊട്ടേഷന്‍ സംഘമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. സി.പി.എമ്മിന് വേണ്ടി പണിയെടുക്കുന്ന പൊലീസുകാര്‍ കാക്കി അഴിച്ചുവെച്ച് പുറത്തുപോകണം. തങ്ങള്‍ എല്ലാവരും തെരുവില്‍ അണിനിരക്കും.ഗവര്‍ണര്‍ പോയതുപോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങിനടക്കാന്‍ കഴിയുമോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു. ഭാര്യാപിതാവിനെ ഒറ്റയ്ക്ക് വിടാന്‍ ധൈര്യമുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസിനോടും കുഴല്‍നാടന്‍ വെല്ലുവിളി നടത്തി. നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്,കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.

 

Latest News kerala news