'കള്ളക്കേസെടുത്ത് നിശബ്ദരാക്കാമെന്ന് കരുതണ്ട'; പിണറായി ഭരണത്തിൽ കേസെടുക്കലൊരു കോമഡിയായി മാറിയെന്ന് അലോഷ്യസ് സേവ്യർ

സ്വകാര്യ സർവകലാശാല വിഷയത്തിലെ പരാമർശത്തിൻറെ പേരിൽ പുഷ്പൻ നൽകിയ പരാതിയിൽ കേസെടുത്ത ആഭ്യന്തര വകുപ്പിൻറെ നടപടിക്കെതിരെയാണ് രൂക്ഷ വിമർശനം

author-image
Greeshma Rakesh
New Update
'കള്ളക്കേസെടുത്ത് നിശബ്ദരാക്കാമെന്ന് കരുതണ്ട'; പിണറായി ഭരണത്തിൽ കേസെടുക്കലൊരു കോമഡിയായി മാറിയെന്ന് അലോഷ്യസ് സേവ്യർ

 

തിരുവനന്തപുരം: പിണറായി ഭരണത്തിൽ കേസെടുക്കലൊക്കെ ഒരു കോമഡിയായി മാറിയെന്ന് കെ.എസ്‌.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ.സ്വകാര്യ സർവകലാശാല വിഷയത്തിലെ പരാമർശത്തിൻറെ പേരിൽ പുഷ്പൻ നൽകിയ പരാതിയിൽ കേസെടുത്ത ആഭ്യന്തര വകുപ്പിൻറെ നടപടിക്കെതിരെയാണ് രൂക്ഷ വിമർശനം.

 

വിമർശനം ഉന്നയിച്ചാൽ കള്ളക്കേസെടുത്ത് നിശബ്ദരാക്കി കളയാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് മലർപൊടിക്കാരൻറെ സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും അലോഷ്യസ് പറഞ്ഞു. സി.പി.എം കുറഞ്ഞപക്ഷം രക്തസാക്ഷികളോട് മാപ്പ് പറയാനെങ്കിലും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൻറെ വിദ്യാഭാസ മേഖലയെ ബഹുദൂരം പിന്നോട്ടടിക്കുന്ന നയങ്ങളാണ് സി.പി.എം കാലാകാലങ്ങളായി സ്വീകരിച്ചു വരുന്നത്. തളളിപ്പറയാനും അത് തിരുത്തിപ്പറയാനും സി.പി.എമ്മിന് യാതൊരു മടിയുമില്ല എന്നതിൻറെ ഉദാഹരണമാണ് സ്വകാര്യ - വിദേശ സർവകലാശാല വിഷയത്തിലെ മലക്കം മറിച്ചിലെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.

അലോഷ്യസ് സേവ്യറിനെതിരെ പൊലീസ് കലാപാഹ്വാനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. സ്വകാര്യ സർവകലാശാല വിഷയത്തിൽ സി.പി.എം നിലപാടിനെ വിമർശിച്ച് 'ഉരുണ്ട ഭൂമിയിലിങ്ങനെ ഉരുണ്ടു കളിക്കുന്ന ഇടതുപക്ഷമേ നമിക്കുന്നു നിങ്ങളെ' എന്ന തലക്കെട്ടോടെയുള്ള കുറിപ്പ് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

 

പ്രസ്തുത കുറിപ്പിൽ ഉന്നത വിദ്യാഭ്യാസ കമീഷണറായിരുന്ന ടി.പി. ശ്രീനിവാസനെ കുറിച്ചും പുഷ്പനെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്.രാഷ്ട്രീയ നാടകങ്ങൾക്കായ് നിങ്ങൾ രക്തസാക്ഷികളാക്കി തീർത്തവരോടും ജീവിക്കുന്ന രക്തസാക്ഷിയോടും നിങ്ങൾ കാണിച്ച നീതികേട് കാലം ഓർത്തിരിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് പറഞ്ഞു.

നേരത്തെ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെട്ട മാർക്ക് ലിസ്റ്റ് വിവാദത്തിൽ വിമർശനം ഉന്നയിച്ചതിൻറെ പേരിലും കെ.എസ്.യു സംസ്ഥാന പ്രസിഡൻറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

pinarayi vijayan cpm KSU aloshious xavier