/kalakaumudi/media/post_banners/6245b0935c6918a10f556d353d69dac7016fcf311be53590bdb06055ce8ec4f3.jpg)
പന്തല്ലൂർ: പന്തല്ലൂരിൽ മൂന്നു വയസുകാരിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി.ഉച്ചയ്ക്ക് 1.55 ഓടെയാണ് മയക്കുവെടിവെച്ച പുലിയെ വൈകിട്ട് 3.30യോടെയാണ് കൂട്ടിലാക്കിയത്.ശനിയാഴ്ച ജാർഖണ്ഡ് സ്വദേശികളുടെ മകളായ മൂന്നു വയസുകാരി നാൻസിയാണ് പുലിയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്.
പ്രദേശത്തെ ജനങ്ങൾ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പുലിയെ പിടികൂടാത്തതിൽ നാട്ടുകാരും കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധം തുടരുന്നതിനിടെയാണ് പുലി പിടിയിലായത്.പുലിയെ വെടിവെച്ചു കൊല്ലണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
പന്തല്ലൂർ തൊണ്ടിയാളത്ത് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.അങ്കണവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം തിരികെ വരുന്നതിനിടെ നാൻസിയെ തേയിലത്തോട്ടത്തിൽ പതിയിരിക്കുകയായിരുന്ന പുലി പിടികൂടുകയായിരുന്നു.
കുട്ടിയുമായി ഏറെ ദൂരം ഓടിയ ശേഷം തേയിലത്തോട്ടത്തിലെ ഒരിടത്ത് ഉപേക്ഷിച്ച് പുലി കടന്നുകളഞ്ഞു.അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും തോട്ടം തൊഴിലാളികളും ചേർന്ന നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. പന്തല്ലൂർ സർക്കാർ ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.